കോഴിക്കോട്: വര്‍ഷങ്ങളുടെ സാഹോദര്യത്തിന്റേയും സഹകരണത്തിന്റേയും ചരിത്രം പറയാനേറെയുണ്ട് നെല്ലിക്കോട്ട് കാവിനും മുനവ്വിറുല് ഇസ്ലാം മദ്രസയ്ക്കും. ‘ശ്രീ നെല്ലിക്കോട്ട് കാവ് താലപ്പൊലി മഹോത്സവം 2024, ആശംസകളോടെ മുനവ്വിറുല് ഇസ്ലാം മദ്രസ കമ്മിറ്റി’- കഴിഞ്ഞ ദിവസം നടന്ന ക്ഷേത്രോത്സവത്തില്‍ നെല്ലിക്കോട്ട് കാവ് ആഘോഷ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും അത്രയേറെ അഭിമാനത്തോടെ നെഞ്ചില്‍ കുത്തിയ ബാഡ്ജിലെ വരികളാണിത്.
രാമനാട്ടുകര – ഫാറൂഖ് കോളജ് റോഡില്‍ കൊശോരങ്ങാടി എന്ന പ്രദേശത്താണ് നെല്ലിക്കോട്ട് കാവും മുനവ്വിറുല് ഇസ്ലാം മദ്രസയും സ്ഥിതിചെയ്യുന്നത്. വര്‍ഷങ്ങളായി ഉത്സവത്തിന് ബാഡ്ജ് സ്പോണ്സര് ചെയ്യുന്ന പ്രാദേശിക ക്ലബ് ഇക്കൊല്ലം അസൗകര്യം അറിയിച്ചു. ഇതിനെ തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ഷിനോദ് ഓട്ടുപാറ, സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മദ്രസ കമ്മിറ്റിയുമായി ബന്ധപ്പെട്ടു. ആവശ്യം കേട്ടപ്പോൾത്തന്നെ പൂർണമനസോടെ ഭാരവാഹികളായ ഉസ്മാന് പാഞ്ചാളയും, പി. കെ. മുഹമ്മദ് കോയയും മറ്റ് കമ്മിറ്റി അംഗങ്ങളും സമ്മതം അറിയിച്ചു. വര്‍ഷങ്ങളായി തുടരുന്ന സഹായ സഹകരണങ്ങള്‍ ഇപ്പോള്‍ പുതിയ രൂപത്തില്‍ തുടരുക മാത്രമാണ് ചെയ്യുന്നതെന്ന് മദ്രസ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.