മാഡ്രിഡ്: പരിക്കേറ്റ് മൂന്നുമാസം വിശ്രമത്തിലായിരുന്ന റയല്‍ മാഡ്രിഡിന്റെ വെയ്ൽസ് മുന്നേറ്റനിരത്താരം ഗാരെത് ബെയ്ല് തിരിച്ചുവരവ് ഗോളടിച്ച് ആഘോഷിച്ചു. എസ്പ്യാനോളിനെതിരേ സ്വന്തം തട്ടകമായ സാന്റിയാഗോ ബര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ അല്‍വാറോ മൊറാട്ടയും (33) ബെയ്ലൂം (83) ഗോള്‍നേടിയപ്പോള്‍ റയല്‍ 2-0നു ജയിച്ചു കയറി.
ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാമനായ സെവിയ്യ എഫ്സിയുമായുള്ള വ്യത്യാസം റയല്‍ മൂന്നാക്കി. റയലിന് 21 മത്സരങ്ങളില്‍നിന്ന് 52 ഉം സെവിയ്യയ്ക്ക് 23 മത്സരങ്ങളില്‍നിന്ന് 49ഉം പോയിന്റാണുള്ളത്. 22 മത്സരങ്ങളില്‍നിന്ന് 48 പോയിന്റുള്ള ബാഴ്സലോണ മൂന്നാമതുണ്ട്. 23 മത്സരങ്ങള്‍ കളിച്ച എസ്പ്യാനോള്‍ 32 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.
നവംബര്‍ 22നു സ്പോര്‍ട്ടിംഗ് ലിസ്ബണിനെതിരേ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയാണ് ബെയ്ലിനു പരിക്കേറ്റത്. കണങ്കാലിലെ ഞരമ്പിനേറ്റ പരിക്കിന് ശസ്ത്രക്രിയ നടത്തേണ്ടിവന്നിരുന്നു. ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ശേഷം മടങ്ങിയെത്തിയ ബെയ്ൽ തന്റെ വേഗതയ്ക്കോ സ്കോറിംഗ് പാടവത്തിനോ ഒന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് 83-ാം മിനിറ്റില്‍ ഇസ്കോയുടെ പാസില്‍നിന്ന് ഗോള്‍ സ്വന്തമാക്കിയത്.
ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ നാപോളിക്കെതിരേ ഇറക്കിയ സംഘത്തിനിന്ന് മാറ്റംവരുത്തിയാണ് റയല്‍ കോച്ച് സിനദീന്‍ സിദാന് എസ്പ്യാനോളിനെതിരേ ടീമിനെ ഇറക്കിയത്. പ്ലേമേക്കര്‍ ലൂക്ക മോഡ്രിച്ചും ഫോര്‍വേഡ് കരിം ബെന്‍സെമയും പുറത്തിരുന്നപ്പോള്‍ മാഴ്സലോ, കെയ്സ്മിറോ, ബെയ്ൽ എന്നിവരെ പകരക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
പെപെ സെന്റര്‍ ഡിഫന്‍സില്‍ റാഫേല്‍ വര്ണെക്കൊപ്പം നിന്നപ്പോള്‍ ലൂക്കാസ് വസ്ക്വെസ്, അല്‍വാറോ മൊറാട്ട എന്നിവര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കൊപ്പം ആക്രമണത്തിന്റെ ചുക്കാന്‍ പിടിച്ചു. ഇസ്കോയുടെ ക്രോസില്‍നിന്നാണ് മൊറാട്ട റയലിന്റെ ആദ്യ ഗോള്‍ നേടിയത്.