നിലന്പൂർ: മദ്യത്തിനെതിരേ വേറിട്ട ബോധവത്കരണവുമായി വിദ്യാർഥികൾ. എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് റോവർ ക്രൂവിന്റെ നേതൃത്വത്തിലാണ് ബോധവത്കരണം നടത്തിയത്.
റോവർമാർ പ്രദേശത്തെ വീടുകളിൽ കയറിയിറങ്ങി ബോധവത്കരണം നടത്തുന്നതോടൊപ്പം “മദ്യപിക്കാത്ത അച്ഛൻ ഈ വീടിന്റെ ഐശ്വര്യം’ എന്നെഴുതിയ സ്റ്റിക്കറുകൾ ചുമരിൽ പതിച്ചാണ് ഇവർ മദ്യത്തിനെതിരെ പോരാട്ടം തുടരുന്നത്.
കുടുംബ ബന്ധങ്ങൾ തകരുന്നതിന്റെയും കട ബാധ്യതയിലാകുന്നത്തിന്റെയും പ്രധാന കാരണം മദ്യപാനമാണ്.
ലഹരി വിരുദ്ധ സന്ദേശമുൾക്കൊള്ളുന്ന നോട്ടീസുകളും റോവേഴ്സിന്റെ നേതൃത്വത്തിൽ വീടുകളിൽ വിതരണം ചെയ്യുന്നുണ്ട്.
വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തുന്ന ലഹരി വിരുദ്ധ പോരാട്ടത്തിൽ സമൂഹത്തെ കണ്ണി ചേർക്കുക എന്ന ഉദേശ്യത്തോടെയും ലഹരിക്കെതിരായി സാമൂഹ്യ അവബോധം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു വേറിട്ട ബോധവത്കരണത്തിന് വിദ്യാർഥികൾ തയാറായത്.
നിലന്പൂർ ബ്ലോക്ക് പഞ്ചായത്തംഗം സഹിൽ അകന്പാടം ബോധവത്കരണം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷറഫുദീൻ ഇല്ലിക്കൽ,
എസ്എംസി ചെയർമാൻ സൂര്യപ്രകാശ്, ഗ്രാമപഞ്ചായത്ത് വാർഡംഗം ഷെരീഫ്, പ്രിൻസിപ്പൽ റോസമ്മ ജോണ്, ബിനിത, സുനിത, ജംഷീന, ഷബീന, റോവർ ലീഡർ മുഹമ്മദ് റസാക്ക് എന്നിവർ പ്രസംഗിച്ചു.