കൊച്ചി: കലൂരിൽ 65 ലിറ്റർ മദ്യവുമായി രണ്ടു പേർ പിടിയിലായ കേസിൽ പ്രതികൾ മദ്യം വിറ്റിരുന്നത് കലൂരിൽ നിന്ന് 12 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്കുമാത്രം.
കേസുമായി ബന്ധപ്പെട്ട് കലൂർ ദേശാഭിമാനി പോണോത്ത് റോഡിൽ വെളുത്തമനയിൽ ബിനു കരംചന്ദ് (43) പള്ളിപ്പുറം ചെറായി ദേശത്ത് വടക്കേവീട്ടിൽ ഷണ്മുഖൻ (51) എന്നിവരെയാണ് എറണാകുളം സിറ്റി മെട്രോ ഷാഡോ സംഘം രഹസ്യ വിവരത്തെത്തുടർന്ന് പിടികൂടിയത്.
ഇവരുടെ പക്കൽ നിന്നും 65 ലിറ്റർ മദ്യം (അര ലിറ്ററിന്റെ 130 കുപ്പി) കണ്ടെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന പാർട്ടികളിൽ “ഓണം സ്പെഷൽ ഡോർ ഡെലിവറി’ എന്ന പേരിൽ ഓഡർ അനുസരിച്ച് മദ്യം എത്തിച്ച് നൽകിവരുകയായിരുന്നു ഇരുവരും.
വിവിധയിടങ്ങളിൽ നിന്നായി വാങ്ങുന്ന മദ്യം ബിനു കരംചന്ദിന്റെ പോണോത്ത് റോഡിലെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്.
ഓഡർ ലഭിക്കുന്ന മുറയ്ക്ക് ഷണ്മുഖൻ ഇവ ഇരുചക്രവാഹനത്തിൽ ആവശ്യക്കാർക്ക് എത്തിച്ചുനൽകും. കൂടിയ വിലയ്ക്കായിരുന്നു വില്പന നടത്തിയിരുന്നത്
ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പരിശോധനകൾ നടത്തി വന്നിരുന്ന എക്സൈസ് സിറ്റി മെട്രോ ഷാഡോ സംഘത്തിന് മദ്യം വീടുകളിലെത്തിച്ച് വില്പന നടത്തി വന്നിരുന്ന പ്രതികളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എക്സൈസ് സംഘം പ്രതികളെ നിരീക്ഷിച്ച് വരികയായിരുന്നു.
ഇതിനിടെ വിവിധ ഇടങ്ങളിൽ നിന്നായി അരലിറ്ററിന്റെ മദ്യക്കുപ്പികൾ വൻ തോതിൽ വാങ്ങി കൊണ്ടുവരവെ ഇന്നലെ ബിനുവിനെ പോണോത്ത് റോഡിലെ ഇയാളുടെ അപ്പാർട്ട്മെന്റിന് സമീപത്തുനിന്നും ഷാഡോ സംഘം പിടികൂടുകയായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മദ്യം വീടുകളിൽ എത്തിച്ചു നൽകാൻ സഹായിച്ചിരുന്ന ഷണ്മുഖനെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.