വണ്ണപ്പുറം: പുതുവർഷം പ്രമാണിച്ച് വണ്ണപ്പുറം ടൗണിലും പരിസര പ്രദേശങ്ങളിലും മദ്യവിൽപ്പന വ്യാപകമായതായി ആക്ഷേപം. കഴിഞ്ഞ ദിവസം മുണ്ടൻ മുടിയിൽ ചാരായം വാറ്റുന്നതിനിടയിൽ എക്സൈസ് റെയ്ഡിൽ രണ്ട് പേർ പിടിയിലായി. ഒരാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ചാരായം വിത്പനയ്ക്കായി സൂക്ഷിച്ചിരുന്ന വാഹനങ്ങളും വാറ്റ് ഉപകരണങ്ങളും ചാരായവും കോടയും എക്സൈസ് അധികൃതർ പിടികൂടിയിരുന്നു.
കോരുത്തോടു കൊല്ലംപ്പറന്പിൽ തോമസ്, വണ്ണപ്പുറം മുണ്ടൻ മുടി ചെറിയാംകുന്നേൽ സുനിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. വണ്ണപ്പുറം പഞ്ചായത്ത് മാർക്കറ്റിന് സമീപമുള്ള റബർ തോട്ടങ്ങളിലും അന്പലപ്പടി മേഖലയിലും മദ്യവിൽപ്പന തകൃതിയാണ്.
ഒരു മിസ്ഡ് കോൾ വിട്ടാൽ മദ്യകുപ്പികളുമായി വിൽപ്പനക്കാർ ഓടിയെത്തും. ഈ മേഖലകളിലെ പല വെയിറ്റിംഗ് ഷെഡുകളിലും വെളിച്ചമില്ലാത്തതിന്റെ മറവിൽ രാത്രി കാലത്ത് മദ്യപാനികൾ അഴിഞ്ഞാടുന്നതായി പരാതിയുണ്ട്.
പോലീസോ, എക്സൈസോ മദ്യവിൽപ്പനക്കാരെ പിടിച്ചാൽ ഇവരെ ഇറക്കാൻ ചിലർ സ്റ്റേഷനുകളിൽ എത്താറുണ്ടെന്ന് ആരോപണമുണ്ട്. വെയിറ്റിംഗ് ഷെഡിലിരുന്ന് മദ്യം കഴിക്കുന്നതിനാൽ സ്ത്രികൾക്കും കുട്ടികൾക്കും ഇവരുടെ ശല്യം രൂക്ഷമാണ്. ഇതിനെതിരേ പരാതി നൽകിയിട്ടും പട്രോളിംഗ് കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്. കരിമണ്ണൂർ, പോത്താനിക്കാട് എന്നീ ബിവറേജുകളിൽ നിന്നാണ് വിൽപ്പനക്കാർ മദ്യം വാങ്ങി കൊണ്ടുവരുന്നത്.
350 രൂപയ്ക്ക് ബിവറേജിൽ നിന്ന് ലഭിക്കുന്ന മദ്യം ഇവിടെ വിൽക്കുന്നത് 500 രൂപയ്ക്കാണ്. ഇതിനുപുറമേ വാഹനക്കൂലിയും വിൽപ്പനക്കാർ ഈടാക്കും. പുറമേ ഹൈറേഞ്ച് മേഖലകളിൽ നിന്ന് കഞ്ചാവ് ധാരാളമായി ഇവിടെ എത്തുന്നതായും പറയപ്പെടുന്നു. അന്യസംസ്ഥാന തൊഴിലാളികളാണ് ഇതിന്റെ ഉപയോക്താക്കൾ. സ്കൂൾ വിദ്യാർഥികളിലും ലഹരിയുടെ ഉപയോഗം വർധിച്ചിട്ടുണ്ട്.
ഏതാനും നാളുകൾക്ക് മുന്പ് പട്ടയക്കുടി മീനുളിയാൻ പാറക്ക് സമീപമുള്ള വനത്തിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയത് എക്സൈസ് അധികൃതർ പിടികൂടുകയും വെട്ടിനശിപ്പിക്കുകയും ചെയ്തിരുന്നു.