നാദാപുരം: സ്വകാര്യ ബസില്‍ മദ്യപന്റെ പരാക്രമം. ബസില്‍ നിന്ന് ഇറങ്ങി ഓടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വളയത്തു നിന്നു വടകരയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയാണ് യുവാവിന്റെ പരാക്രമത്തിന് ഇരയായത്. വിദ്യാര്‍ഥിനി ബഹളംവച്ചതോടെ സഹയാത്രികര്‍ ഇടപെടുകയായിരുന്നു.
ഇതേ തുടര്‍ന്ന് എടച്ചേരി കളിയാംവെള്ളി പോലീസ് സ്റ്റേഷന് മുന്‍ വശത്ത് ബസ് നിര്‍ത്തി കണ്ടക്ടറും ഡ്രൈവറും പരാതിക്കാരിയായ പെണ്‍കുട്ടിയും യാത്രക്കാരികളായ രണ്ട് യുവതികള്‍ക്കും ഒപ്പം എടച്ചേരി പോലീസ് സ്റ്റേഷനില്‍ എത്തി.
താന്‍ നിരപരാധിയാണെന്നും അറിയാതെ പെണ്‍കുട്ടിയുടെ മേല്തട്ടി പോയതാണെന്നും പറഞ്ഞ് യുവാവ് ബസില്‍ നിന്നും പുറത്തിറങ്ങി ഓടുകയായിരുന്നു.
കളിയാം വെള്ളിപോലീസ് സ്റ്റേഷന് മുന്പിലെ ഇടവഴിയിലൂടെ ഓടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി എടച്ചേരി പോലീസിൽ ഏല്‍പ്പിക്കുകയായിരുന്നു.
യുവാവ് മദ്യപിച്ചതായി മനസിലാക്കിയ പോലീസ് നടത്തിയ പരിശോധനയില്‍ ബാഗില്‍ നിന്നു ഉപയോഗിച്ച മദ്യകുപ്പിയും കണ്ടെത്തി. ഇതോടെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരാതി ഇല്ലാത്തതിനാല്‍ വിട്ടയച്ചു.