മാറനല്ലൂർ: ജില്ലയിൽ അനധികൃതമായി സർവീസ് നടത്തുന്ന സമാന്തര സർവീസുകളെ പിടികൂടുന്നതിന് നിയമ സഭാ ബജറ്റ് കമ്മറ്റിയുടെ തീരുമാനത്തെത്തുടർന്ന് രൂപീകരിച്ച സ്പെഷൽ സ്ക്വാഡിനെ ഇന്നലെയും സമാന്തര സർവീസ് മാഫിയാ സംഘം തടഞ്ഞു. ഭരണകക്ഷിയുടെ കീഴിലെ സംഘടനയായ സിഐടിയു യൂണിയനിൽപ്പെട്ടവർ തന്നെ ഉദ്യോഗസ്ഥർക്കെതിരെ പ്രതിരോധം തീർത്തതോടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഉദ്യോഗസ്ഥർ. ഇന്നലെ അനധികൃതമായി സർവീസ് നടത്തിയ ടെന്പോ ട്രാവലറുകളെ ശ്രീകാര്യത്തും മാറനല്ലൂരിലും സ്പെഷൽ സ്ക്വാഡ് പരിശോധനയ്ക്കായി തടഞ്ഞിരുന്നു.
ശ്രീകാര്യത്ത് രാവിലെ ഒൻപ തോടെ പിടികൂടിയ വാഹനം വഴിയിൽ ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങിയതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തുടർന്ന് പോലീസെത്തിയാണ് വാഹനം റോഡിൽ നിന്ന് മാറ്റിയത്. സമാന സംഭവമാണ് മാറനല്ലൂരിലും ഉണ്ടായത്. രാവിലെ മാറനല്ലൂരിന് സമീപം മൂലക്കോണത്ത് പിടികൂടിയ വാഹനം ഉപേക്ഷിച്ച് ഡ്രൈവർ കടന്നെങ്കിലും അര മണിക്കൂറിന് ശേഷം കീറിയ ഉടുപ്പുമായി എത്തിയ ഡ്രൈവർ പരിശോധനക്കിടെ തന്നെ മർദിച്ചുവെന്ന ആരോപണവുമായി പ്രതിഷേധിച്ചു.
തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡ്രൈവർ ചികിത്സയിലാണ്. എന്നാൽ രേഖകൾ ആവശ്യപ്പെട്ടയുടൻ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് പോവുകയായിരുന്നെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ പാറശാല മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് പറഞ്ഞു. തുടർന്ന് സിഐടിയുക്കാരുടെ നേതൃത്വത്തിൽ പ്രകോപനം തുടർന്നതോടെ പരിശോധന നിറുത്തി വച്ച് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
ഇനി മുതൽ പൂർണമായ സംരക്ഷണം ഒരുക്കാതെ പരിശോധന തുടരാനാകില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട് . ഒരാഴ്ച മുന്പ് നെയ്യാറ്റിൻകരക്ക് സമീപം വഴുതൂരിൽ സിഐടി യു ലേക്കൽ കമ്മറ്റി അംഗം പത്മകുമാറും നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർമാൻ കെ. കെ. ഷിബുവും ചേർന്ന് വാഹനം തടഞ്ഞിരുന്നു. കെഎസ്ആർടിസി നഷ്ടത്തിൽ കൂപ്പുകുത്തുന്പോൾ ഭരണമുന്നണിയുടെ കിഴിലുള്ളസംഘടന തന്നെ പരിശോധനകൾ തടയുന്നത് സർക്കാരിന് തലവേദനയാവുകയാണ്. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പരിശോധന തടഞ്ഞ ഡ്രൈവർക്കെതിരെ മാറനല്ലൂർ പോലീസ് കേസെടുത്തു.