കോട്ടയം: ലഹരി മാഫിയായുടെ സങ്കേതമായി ഏറ്റുമാനൂരും സമീപ പ്രദേശങ്ങളും. ഏതാനും ദിവസങ്ങൾക്കു മുന്പ് അതിരന്പുഴ പഞ്ചായത്തിലെ കരാർ ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാനെത്തിയ പോലീസുകാരനെ ഗുണ്ടാ സംഘം ആക്രമിച്ചിരുന്നു.
ഈ ഗുണ്ടാസംഘത്തെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. അന്നുണ്ടായ സംഘട്ടനത്തിൽ ഗുണ്ടാ തലവനെ പിടികൂടിയെങ്കിലും സംഘത്തിലുള്ളവർ രക്ഷപ്പെട്ടിരുന്നു.
ഇവർക്കായി വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം നിരവധി ചെറുതും വലുമായ ഗുണ്ടാ ആക്രമണക്കേസുകളാണ് ഏറ്റുമാനൂരിൽ ഉണ്ടായത്.
നാളുകൾക്കു മുന്പു വരെ കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചു പ്രവർത്തിച്ചു ഗുണ്ടാ ലഹരി മാഫിയാ സംഘം ഇപ്പോൾ ഏറ്റുമാനൂർ, ആർപ്പൂക്കര അതിരന്പുഴ കേന്ദ്രീകരച്ചാണ് പ്രവർത്തിക്കുന്നതെന്നും പോലീസ് പറയുന്നു.
ഏറ്റുമാനൂരിനു സമീപത്തുള്ള ചില പ്രത്യേക പ്രദേശങ്ങൾ കേന്ദ്രീകരിച്ചു മാഫിയ സംഘങ്ങൾ കഞ്ചാവും ലഹരിമരുന്നുകൾ ശേഖരിച്ചിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ചില ബ്ലേഡ് മാഫിയ സംഘങ്ങളുടെ തണലിലാണ് ലഹരി, ക്വട്ടേഷൻ സംഘങ്ങൾ തഴച്ചുവളരുന്നത്. നേരത്തെ കഞ്ചാവു മാത്രമായിരുന്നു ഏറ്റുമാനൂരിൽ വിപണനം ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ വീര്യം കൂടിയ ലഹരികളെല്ലാം ഇവിടം കേന്ദ്രീകരിച്ചു വില്പന നടത്തുന്നുണ്ട്.
ഹാഷിഷും, ആപ്യൂളുകളും ഇവിടെ നിന്നു വിതരണം ചെയ്യുന്നുവെന്നും ഇവർക്കു ബ്ലേഡ് മാഫിയയുടെ പിൻബലമുള്ള ഗുണ്ടാസംഘം സുരക്ഷ ഒരുക്കുന്നുവെന്നും നാട്ടുകാർ പറയുന്നു.
നാലു ഗുണ്ടാ സംഘങ്ങൾ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നുവെന്നു പോലീസിനു വിവരം ലഭിച്ചിരുന്നുവെങ്കിലും തുടർനടപടികളൊന്നുമണ്ടായില്ല. അടിയന്തരമായി പോലീസ് ഇടെപട്ട് ഏറ്റുമാനൂരിലെ ഗുണ്ടാ മാഫിയ ലഹരി സംഘങ്ങളെ അമർച്ച ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.