ബ്രസീലിയ: ബ്രസീയിലൻ മയക്കുമരുന്ന് മാഫിയാ തലവൻ റൊണാൾഡ് റോളണ്ട് വീണ്ടും ഭാര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുടുങ്ങി. ഭാര്യ ആന്ദ്രെസ ഡിലിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽനിന്ന് സ്ഥലം മനസിലാക്കിയ പോലീസ് ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ടു വർഷമായി പോലീസിനെ വെട്ടിച്ചു നടക്കുകയായിരുന്നു റോളണ്ട്. എന്തെങ്കിലും തുന്പ് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഭാര്യ ആന്ദ്രെസയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പോലീസ് നിരീക്ഷിച്ചിരുന്നു.
പാരീസ്, ദുബായ്, മാലദ്വീപ്, കൊളംബിയ തുടങ്ങിയ സ്ഥലങ്ങളിൽ ക്രിമിനൽ ദന്പതികൾ അടിച്ചുപൊളിച്ചു കഴിഞ്ഞതായി ജിയോ ടാഗിംഗിൽനിന്നടക്കം പോലീസ് മനസിലാക്കി. കഴിഞ്ഞയാഴ്ച തീരദേശ പട്ടണമായ ഗുവാരുഹയിൽ ദന്പതികളുണ്ടെന്നു കണ്ടെത്തിയതോടെ ചൊവ്വാഴ്ചഅറസ്റ്റ് ചെയ്യുകയായിരുന്നു.
2019ലും റോളണ്ടിനെ പോലീസ് ഇതുപോലെ അറസ്റ്റ് ചെയ്തിരുന്നു. മുൻ ഭാര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽനിന്നാണ് പോലീസ് സ്ഥലം കണ്ടെത്തിയത്.
പൈലറ്റായിരുന്ന റോളണ്ടിനെതിരേ മയക്കുമരുന്നു കടത്ത്, മറ്റു സംഘടിത കുറ്റകൃത്യങ്ങൾ മുതലായവ നിലവിലുണ്ട്. ഭാര്യ ആന്ദ്രെസയുടെ പേരിൽ പണം വെളുപ്പിക്കലിനും കേസുണ്ട്.