ആലുവ: മാരക ലഹരി മരുന്നുകളുടെ വില്പനയും ഉപയോഗവും സ്കൂൾ കോളജ് വിദ്യാർഥികളിലേക്കെത്തിച്ച് കാമ്പസ് മാഫിയ കൂടുതൽ കരുത്താർജിക്കുന്നു. കേരളത്തിൽ മാഫിയയുടെ ഹബ്ബായി കൊച്ചി മാറിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണു കാമ്പസുകളിൽ ലഹരി ഉപയോഗം തടയാൻ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകിയത്.
വിവരങ്ങൾ ഞെട്ടിക്കുന്നത്
ഏറ്റവും ഒടുവിലായി പോലീസും എക്സൈസും രജിസ്റ്റർ ചെയ്ത വ്യത്യസ്ത കേസുകളിലെ പ്രതികൾ നൽകിയ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. മാസങ്ങൾ നീണ്ടു നിന്ന പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രധാന പ്രതികളെ കുടുക്കാനായത്.
പറവൂർ എക്സൈസ് സർക്കിളിന്റെ നേതൃത്വത്തിൽ പറവൂരിലെ കോളജ് വിദ്യാർഥികളിൽനിന്നും മാസങ്ങൾക്ക് മുമ്പ് അഞ്ച് മില്ലിഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തിരുന്നു. ഇതിന്റെ വിതരണക്കാരായ രണ്ടു പേരെ കഴിഞ്ഞ ദിവസം പിടികൂടിയപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
പറവൂർ ചേന്ദമംഗലം കൂട്ടുകാട് കളത്തിൽ വീട്ടിൽ ലിബിൻ (29), മൂത്തകുന്നം മടപ്ലാതുരുത്ത് അരയപ്പറമ്പിൽ ദീപേഷ് (35) എന്നിവരെയാണ് പറവൂർ എക്സൈസ് സിഐ എസ്. നിജുമോനും സംഘവും കസ്റ്റഡിയിലെടുത്തത്. വിദ്യാർഥികൾക്കിടയിൽ വില്പന നടത്താൻ കൊണ്ടുവന്ന ഏഴ് കിലോ കഞ്ചാവും ഒന്നര കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
വില്പന വാട്സ് ആപ്പ് വഴി
ഹോമിയോ മരുന്നുകൾ കൊടുക്കുന്ന ചെറിയ കുപ്പികളിൽ നിറച്ച അഞ്ച് മില്ലി ഹാഷിഷ് ഓയിലിന്റെ വില നാലായിരം വരെയാണ് ഇവർ ഈടാക്കിയിരുന്നത്. വാട്സ് ആപ്പ് കോളുകളിൽ മാത്രമേ മാഫിയയുമായി ബന്ധപ്പെടാനാകൂ. കച്ചവടം ഉറപ്പിച്ചാൽ ഗൂഗിൾ പേ സംവിധാനം വഴി പണമെത്തിച്ചാൽ ഏതുതരം ലഹരിമരുന്നു വേണമെങ്കിലും സംഘം സ്ഥലത്തെത്തിച്ചു കൊടുക്കുന്നതാണ് പതിവ്.
എറണാകുളം സൗത്തിലെ ഒരാളാണ് ഇവരുടെ ബോസെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിദ്യാർഥികൾക്കിടയിൽ പ്രവർത്തിക്കുന്ന മറ്റൊരു ലഹരി മാഫിയത്തലവൻ പാലക്കാട് സ്വദേശി ഷറഫുദ്ദീനെ കഴിഞ്ഞ ദിവസം പോലീസും അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നവംബറിൽ റൂറൽ പോലീസ് 150 കിലോ കഞ്ചാവ് പിടികൂടുകയുണ്ടായി.
തുടർന്ന് എസ്പി കെ. കാർത്തിക്കിന്റെ നേതൃത്യത്തിൽ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കുകയായിരുന്നു. കേരളത്തിലെ കഞ്ചാവ് വിതരണ ശൃംഖലയെ കുറിച്ച് വ്യക്തമായ വിവരവും പോലിസിന് ലഭിച്ചു.
ലഹരി പാഡേരുവിൽനിന്ന്
കേരളത്തിലേക്കുളള കഞ്ചാവ് എത്തുന്നതിന്റെ പ്രധാന കേന്ദ്രം ആന്ധ്രപ്രദേശിലെ മാവോയിസ്റ്റ് വിഭാഗത്തിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ നിന്നാണെന്ന് പോലീസ് സംഘം കണ്ടെത്തുകയും ചെയ്തു. അന്വേഷണത്തിൽ പാഡേരു എന്ന അതിർത്തി ഗ്രാമത്തിലെ ആദിവാസികളിൽനിന്നും തുച്ഛമായ വിലയ്ക്ക് കഞ്ചാവ് വാങ്ങി ആന്ധ്രാ ചടയൻ എന്ന പേരിൽ കൊച്ചി കേന്ദ്രമാക്കി വിറ്റഴിച്ചു വരികയായിരുന്നു.
കൂടാതെ കഞ്ചാവ് സംസ്ക്കരണ യൂണിറ്റുകളിൽ ഇത് ഹാഷിഷ് ഓയിലാക്കി മാറ്റുകയും ചെയ്തിരുന്നു.കാമ്പസുകളിൽ വിതരണത്തിനും വില്പനയ്ക്കും സംഘം ഇടനിലക്കാരാക്കിയിരുന്നത് വിദ്യാർഥികളെ തന്നെയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി പരിശോധനകൾ നടക്കാത്ത സാഹചര്യത്തിൽ ഹൈക്കോടതി ഇടപെട്ടതിനാൽ പോലീസും എക്സൈസും വരും ദിവസങ്ങളിൽ കൂടുതൽ സജീവമാക്കും.