ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രത്തിന്റെ സംവിധായകൻ എസ.എസ് രാജമൗലിയെ സിനിമാലോകം ശ്രദ്ധിച്ചുതുടങ്ങിയത് മഗധീര എന്ന ചിത്രത്തിലൂടെയാണ്. മഗധീരയ്ക്കു ശേഷമാണ് എസ്എസ് രാജമൗലിയുടെ ചിത്രങ്ങൾ ഇന്ത്യയിലെന്പാടും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. നടൻ രാംചരണ്‍ തേജയ്ക്കും കാജൽ അഗർവാളിനും ആദ്യ ബ്രേക്ക് നൽകിയതും മഗധീരയാണ്.
ഇപ്പോഴിതാ മഗധീര എന്ന മെഗാഹിറ്റ് ചിത്രം കോപ്പിയടിച്ചെന്ന ആരോപണം ഉയർന്നിരിക്കുന്നു. സുശാന്ത് സിംഗ് രാജ്പുതും കൃതിസേനനും അഭിനയിച്ച ബോളിവുഡ് സിനിമ റാബ്തയെ കുറിച്ചാണ് ആരോപണം ഉയർന്നിരിക്കുന്നത്. ചിത്രം മഗധീരയിൽ നിന്ന് കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് സിനിമയുടെ അണിയറ പ്രവർത്തകർ കോടതിയെ സമീപിച്ചുവെന്ന് റിപ്പോർട്ടുകൾ. മഗധീര നിർമിച്ച ഗീത ആർട്സ് ആണ് റാബ്തയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് കോടതിയെ സമീപിച്ചിരിക്കുന്നത്.