ഈ പറക്കും തളിക എന്ന സിനിമ ആളുകളെ പൊട്ടിച്ചിരിപ്പിച്ചതിന് കണക്കില്ല. ഇന്നും ചാനലുകളിലെ ഹിറ്റ് സിനിമയാണിത്.
ചിത്രത്തിൽ പ്രധാന്യമുള്ള ഒരു കഥാപാത്രമായിരുന്നു ഒരു എലി. പാസ്പോർട്ട് കരണ്ടുതിന്ന എലിയും സുന്ദരനും തമ്മിലുള്ള “യുദ്ധം’സിനിമയുടെ അവസാനം വരെയുണ്ട്.
ഇത് സിനിമയിലെ എലി. ഇനി യഥാർഥ ലോകത്തിൽ എലി മനുഷ്യരുടെ ജീവനെടുത്ത ഒരു വലിയ സംഭവമുണ്ട്. യൂറോപ്പിൽ ഒരു കാലത്ത് പടർന്നു പിടിച്ച പ്ലേഗ് എന്ന രോഗത്തിനു പിന്നിലെ യാഥാർഥ വില്ലൻ എലിയായിരുന്നു.
ഈജിപ്തിലെ അലക്സാൻഡ്രിയയിൽ നിന്ന് ധാന്യങ്ങളുമായി എത്തിയ കപ്പലിൽ എലികൾ ഉണ്ടായിരുന്നത്രേ. ഇവയുടെ ശരീരത്തിലുണ്ടായിരുന്ന ചെള്ളിലൂടെയാണ് പ്ലേഗ് പടർന്നത്.
ഈ എലിക്കഥകൾ പറഞ്ഞ് എന്തിനാണെന്നല്ലേ? പറയാം. വാർത്തകളിൽ ഒരു എലി വീണ്ടും സ്ഥാനം പിടിച്ചിരിക്കുകയാണ്. ഇത്തവണ വില്ലൻ പരിവേഷമല്ല, നല്ല ഹീറോ. ഗ്യാങ്സ്റ്ററല്ല, മോൺസ്റ്റർ!
എലികളിലെ ധീരൻ
മഗാവ- അങ്ങനെയാണ് അവന്റെ പേര്. ഒരു ‘ലാന്ഡ്മൈന് ഡിറ്റെന്‍ഷന്‍ റാറ്റ്’ ആണ് മഗാവ. എന്നു പറഞ്ഞാൽ ഭൂമിക്കടിയില്‍ പൊട്ടാതെ കിടക്കുന്ന മൈനുകള്‍ തിരിച്ചറിയുന്ന എലി. കംബോഡിയായിലാണ് മഗാവയുടെ ഡ്യൂട്ടി. 39 ലാന്‍ഡ്മൈനുകളും 28 വെടിക്കോപ്പുകളുമാണ് ഇതുവരെയായി മഗാവ കണ്ടെത്തിയിരിക്കുന്നത്.
മനുഷ്യരുടെ ജീവന് രക്ഷിക്കുന്ന മഗാവയ്ക്ക് പിഡിഎസ്എ (People’s Dispensary for Sick Animals) ധീരതയ്ക്കും ജോലിയോടുള്ള അര്‍പ്പണമനോഭാവത്തിനുമുള്ള ആദരപൂര്‍വം ഗോള്‍ഡ് മെഡല്‍ സമ്മാനിക്കുകയായിരുന്നു. ആദ്യമായിട്ടാണ് ഒരു എലിക്ക് ഈ പുരസ്കാരം ലഭിക്കുന്നത്.
ഏഴ് വർഷമായി On Duty
ടാന്‍സാനിയയില്‍ ഒരു എന്‍ജിഒ -യാണ് ലാന്ഡ്മൈനുകള് കണ്ടെത്തുന്നതിനായി മഗാവയെ പരിശീലിപ്പിച്ചെടുത്തത്. 1970 മുതല്‍ ആറ് മില്ല്യണ്‍ ലാന്ഡ്മൈനുകള് കംബോഡിയയില്‍ മാത്രം പൊട്ടാതെ കിടപ്പുണ്ടായിരുന്നു.
അതില്‍ മൂന്നു മില്ല്യണെങ്കിലും ഇനിയും കണ്ടെത്താനുണ്ട്. അറുപതിനായിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് ഈ ലാന്ഡ്മൈനുകളില് നിന്നും പരിക്കേറ്റിരിക്കുന്നത്.
അവിടെയാണ് മഗാവ ജോലി ചെയ്യുന്നത്. ഏഴ് വര്‍ഷമായി മഗാവ ഇതേ ജോലി ചെയ്യുന്നു. ലാന്ഡ്മൈന് ഉണ്ട് എന്ന് മനസിലാക്കിക്കഴിഞ്ഞാല്‍ മഗാവ സിഗ്നല്‍ കൈമാറും.
പിന്നാലെ വിദഗ്ധർ എത്തി മൈനുകൾ നിർവിര്യമാക്കും. ചുരുക്കി പറഞ്ഞാൽ നമ്മുടെ വീട്ടിലും അടുക്കളയിലുമുളള എലികൾ ഭക്ഷണ സാധനങ്ങൾ കണ്ടുപിടിക്കുന്നു, മഗാവ ബോംബും!