ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്. ഓരോരുത്തരും അവരുടേതായ രീതിയിലാണ് സന്തോഷം കണ്ടെത്തുന്നത്. എന്നാല് ചിലര് സന്തോഷം കണ്ടെത്തുന്നത് മറ്റുള്ളവരെ സഹായിക്കുന്നതിലാണ്. 200 അനാഥക്കുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല ഏറ്റെടുത്ത് അവര്ക്കായി കിടപ്പാടവും വിദ്യാലയവും ഉണ്ടാക്കിയ അമേരിക്കന് സ്വദേശിനിയായ മാഗി ഡോയന് അത്തരം ഒരാളാണ്.
അമേരിക്കയിലെ ന്യൂജേഴ്സിയിലുള്ള മാഗി എങ്ങനെ നേപ്പാള് കേന്ദ്രമായി പ്രവര്ത്തിക്കുന്ന ബ്ലിങ്ക് നൗ എന്ന സ്ഥാപനത്തിലെ 200ല് പരം കുട്ടികളുടെ രക്ഷാകര്ത്താവായി എന്ന കഥ ഓരോരുത്തരും അറിയേണ്ടതാണ്. ഓരോ വ്യക്തിക്കും ജീവിക്കുവാനും സമൂഹത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുവാനുമുള്ള പ്രചോദനമാണ് മാഗിയുടെ കഥ. വീടും പഠനവും കൂട്ടുകാരുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന മാഗി തന്റെ പതിനെട്ടാം വയസ്സില് പെട്ടെന്നൊരു തീരുമാനം എടുത്തു. യാത്രകള് പോകാന്. എന്നാല് എന്ത് എങ്ങോട്ട് , എന്ന ധാരണയൊന്നും മാഗിക്ക് ഉണ്ടായിരുന്നില്ല.
കയ്യില് കിട്ടിയ ഒരു ബാഗില് ആവശ്യവസ്തുക്കള് മാത്രം എടുത്തുകൊണ്ട് ആരംഭിച്ച ആ യാത്രയില് അവള് പല ഭാഷകളും സംസ്കാരങ്ങളും നേരിട്ട് കണ്ടും അനുഭവിച്ചും അറിഞ്ഞു. അമേരിക്കയിലെ വീടിന്റെയും ക്ലാസ് മുറിയുടെയും അപ്പുറത്ത് ഒരു ലോകമുണ്ടെന്നും അവിടെ ആരെയും ആകര്ഷിക്കുന്ന മനോഹരമായ കാഴ്ചകള് ഉണ്ടെന്നും മാഗി തിരിച്ചറിഞ്ഞു. എന്നാല് ആ തിരിച്ചറിവിന് വലിയ ആയുസ്സുണ്ടായിരുന്നില്ല. മാഗിയുടെ യാത്ര നേപ്പാളില് എത്തിയപ്പോഴാണ് പുഞ്ചിരിക്കുന്ന കാഴ്ചകള്ക്കപ്പുറത്ത് വേദനിക്കുന്ന, നന്നായി ജീവിക്കാന് വേണ്ട സാഹചര്യങ്ങള് ഇല്ലാത്ത ഒരു ലോകമുണ്ട് എന്ന് മാഗിക്ക് മനസിലായത്.
പതിനെട്ടാം വയസ്സില് വീടുവിട്ടിറങ്ങിയ മാഗിയുടെ എല്ലാം ഉത്സാഹവും തല്ലിക്കൊഴിക്കുന്ന ഒരു കാഴ്ചയായിരുന്നു അവള് നേപ്പാളിലെ ഒരു ഗ്രാമത്തില് കണ്ടത്. ഗ്രാമത്തിലെ ബസ്റ്റോപ്പില് നിന്നും ഭാരമേറിയ ലോഡുകള് താങ്ങി ഗ്രാമത്തില് എത്തിച്ചു കൊണ്ടിരിക്കുന്ന ലാക്കോറ എന്ന പെണ്കുട്ടിയായിരുന്നു മാഗിയുടെ കണ്ണു നനയിച്ചത്. ഒരു ദിവസം മാഗി അവളുടെ ജോലി വീക്ഷിച്ചു. വളരെ കഷ്ടപ്പെട്ടാണ് ആ പെണ്കുട്ടി ഭാരമേറിയ ചുമടും താങ്ങി കുന്നുകള് കയറുകയും ഇറങ്ങുകയും ചെയ്തിരുന്നത്. ഇത് ദിവസത്തില് പലതവണ ആവര്ത്തിക്കപ്പെട്ടു. ജോലിക്കുള്ള പ്രതിഫലമായി വൈകുന്നേരം അവള്ക്ക് ലഭിക്കുന്നത് രണ്ടു രൂപ. ആ കാഴ്ച മാഗിയെ വല്ലാതെ വേദനിപ്പിച്ചു.
കൂടുതല് അന്വേഷിച്ചപ്പോള് ലാക്കോറയെ പോലുള്ള നേപ്പാളിലെ ഓരോ അനാഥകുട്ടികളുടെയും അവസ്ഥ ഇത് തന്നെയാണെന്ന് മാഗിക്ക് മനസിലായി. ഇക്കാര്യത്തെക്കുറിച്ച് കൂടുതല് മനസ്സിലാക്കിയപ്പോള് ലോകമെമ്പാടും അനാഥരായി കഴിയുന്നത് 80 മില്യണ് കുട്ടികളാണ് എന്ന തിരിച്ചറിവ് മാഗിക്ക് ഉണ്ടായി. മനുഷ്യക്കുഞ്ഞുങ്ങള് ഇത്തരത്തില് നരകയാതന അനുഭവിക്കുമ്പോള് എങ്ങനെ സന്തോഷത്തോടെ ജീവിക്കാന് തനിക്കാകും എന്ന ചിന്ത മാഗിയെ പിന്തുടര്ന്നു. അടുത്ത ദിവസം അഞ്ചു വയസ്സ് പ്രായമുള്ള ഹേമ എന്ന അനാഥകുട്ടിയെ മാഗി കണ്ടുമുട്ടി. പുഞ്ചിരി തൂകി നമസ്തേ പറയുന്ന ഹേമയുടെ മുഖം മാഗിയെ വിടാതെ പിന്തുടര്ന്നു.
80 മില്യണ് അനാഥകുട്ടികളെ രക്ഷിക്കാന് ഒരുപക്ഷെ തനിക്ക് കഴിഞ്ഞേക്കില്ല എന്നാല് ഒരാളെ എങ്കിലും രക്ഷിക്കാനായാല് അത് വലിയ നേട്ടമാണ് എന്ന തിരിച്ചറിവ് മാജിക്കുണ്ടായി. അങ്ങനെ അടുത്ത ദിവസം മാഗി ഹേമയെ സ്കൂളില് ചേര്ത്തു. അവളുടെ പഠനത്തിന് വേണ്ട കാര്യങ്ങള് ചെയ്തു. വിദ്യാഭ്യാസമില്ലാത്ത പെണ്കുട്ടികളാണ് സമൂഹത്തിലെ ഏറ്റവും വലിയ വിടവ് എന്ന് മാഗി വിശ്വസിച്ചു. എന്നാല് ഹേമയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ കൂടുതല് അനാഥക്കുഞ്ഞുങ്ങളെ ഏറ്റെടുക്കണം എന്നായി ആ പതിനെട്ടുകാരിയുടെ ചിന്ത. അങ്ങനെ നേപ്പാളില് പ്രവര്ത്തനങ്ങള് വ്യാപിപ്പിക്കാന് മാഗി തീരുമാനിച്ചു.
പഠനം നിര്ത്തി നേപ്പാളിന്റെ മണ്ണിലേക്ക് മടങ്ങി. അവിടെ ഹേമയ്ക്ക് പുറമെ മറ്റു ധാരാളം അനാഥക്കുഞ്ഞുങ്ങളുടെ സംരക്ഷണ ചുമതല ആ 18 കാരി ഏറ്റെടുത്തു. കുട്ടികളെ താമസിപ്പിക്കുന്നതിനായി കെട്ടിടം പണിയാന് നേപ്പാളില് കുറച്ചു സ്ഥലം വാങ്ങി. ഇതിനായി വേണ്ടിവന്ന 5000 ഡോളര് മാഗിയുടെ മാതാപിതാക്കള് നല്കി. കെട്ടിടം പണിത ശേഷം കൂടുതല് കുട്ടികളെ മാഗി ഏറ്റെടുത്തു. പിന്നീട് മാഗിയുടെ പ്രവര്ത്തനങ്ങള്ക്ക് പിന്തുണയുമായി വന്നവര് നല്കിയ സംഭാവനയില് നിന്നും ഒരു വിഹിതമെടുത്ത് കുട്ടികളുടെ തുടര്പഠനം ഉറപ്പാക്കുന്നതിനായി ഒരു സ്കൂള് പണിതു. ഇന്ന് രോഗം ബാധിച്ചവരും അനാഥരും ആഭ്യന്തര യുദ്ധത്തില് ഒറ്റപ്പെട്ടവരുമായ 200ല് പരം കുഞ്ഞുങ്ങളുടെ വളര്ത്തമ്മയാണ് മാഗി. ഇവര്ക്കൊപ്പം കഴിയുമ്പോള് ലഭിക്കുന്ന സന്തോഷം മറ്റെങ്ങുനിന്നും ലഭിക്കില്ലെന്നാണ് മാഗിയുടെ അനുഭവ സാക്ഷ്യം. ഇപ്പോള് 31 വയസുള്ള മാഗി മനുഷ്യാവകാശ പ്രവര്ത്തക എന്ന നിലയില് പ്രശസ്തയാണ്