വിദ്യാധനം സര്‍വധനാല്‍ പ്രധാനം! ചെറുപ്പം തൊട്ടേ കുട്ടികളുടെ മനസിലേക്ക് ഒഴുകി എത്തുന്ന വാക്കുകളാണിത്… അത് പ്രാവര്‍ത്തികമാക്കാന്‍ അവരെ സഹായിക്കുന്നവരിലാണ് ദൈവം കുടികൊള്ളുന്നതും.
കൂരാച്ചുണ്ട് സ്വദേശിയും രാജസ്ഥാനിൽ അധ്യാപകനുമായ ഡോ.സുനില്‍ ജോസ് പാവങ്ങൾക്കു കണ്‍കണ്ട ദൈവമാകുന്നത് അതുകൊണ്ടാണ്.
സമൂഹം അവഗണിച്ചവരെയും തെരുവില്‍ ഭിക്ഷയാചിക്കുന്നവരെയും ചെറിയ ലോകത്തുനിന്നും പടവുകള്‍ കയറ്റി അവരോ അവരുടെ മാതാപിതാക്കളോ സ്വപ്നം കാണാത്ത ഉയരത്തിലെത്തിക്കുകയാണ് ഇദ്ദേഹം.
രാജസ്ഥാനിലെ അജ്മീര്‍ രൂപതയും സുമനസുകളും താങ്ങും തണലുമേകുന്നു. ഈ അധ്യാപകനെയും അദ്ദേഹത്തിന്റെ പ്രവൃത്തികളെയും അവര്‍ അത്രമേല്‍ ഇഷ്ടപ്പെടുന്നു.
ചേരിയില്‍ താമസിച്ച് തെരുവില്‍ ഭിക്ഷയാചിച്ചുകൊണ്ടിരുന്ന 300-ല്‍ അധികം വിദ്യാര്‍ഥികളാണ് ഇപ്പോഴും ഇദ്ദേഹം നേതൃത്വം നല്കുന്ന സൊസൈറ്റിക്കു കീഴില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്.
ഉന്നത പദവികളില്‍ എത്തിയ പൂര്‍വ വിദ്യാര്‍ഥികള്‍ വേറെ. ചേരിയില്‍ നിന്ന് അദ്ദേഹം ഏറ്റെടുത്തുവളര്ത്തിയ മൂന്നു വിദ്യാര്‍ഥികളാണ് ഐഐടിയില്‍ അഡ്മിഷന് നേടിയത്.
കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ഇദ്ദേഹം ഇന്ന് രാജസ്ഥാനിലെ അറിയപ്പെടുന്ന അധ്യാപകന് മാത്രമല്ല, ജീവകാരുണ്യപ്രവര്‍ത്തകന്‍ കൂടിയാണ്.
1995 ജൂലൈ ഒന്നിന് അജ്മീര്‍ രൂപതയ്ക്ക് കീഴിലെ അജ്മീര്‍ സെന്റ് ആന്‍സ്ലം സീനിയര്‍ സെക്കന്‍ഡറി സ്കൂളിൽ അധ്യാപകനായി ജോലിക്ക് ചേര്‍ന്നതോടെയാണ് സുനില്‍ ജോസ് എന്ന ഗണിതശാസ്ത്ര അധ്യാപകനിലെ മനുഷ്യസ്നേഹി ഉണര്‍ന്നത്.
ഒരിക്കല്‍ പ്രിന്‍സിപ്പലിന്റെ നിര്‍ദേശ പ്രകാരം അദ്ദേഹത്തിന് അജ്മീറിലെ ചന്ദനത്തിരി നിര്‍മാണ യൂണിറ്റ് സന്ദര്‍ശിക്കേണ്ടിവന്നു. അവിടെ ചേരിയില്‍ താമസിക്കുന്ന കുട്ടികളുടെ ദുരിതം ആ കണ്ണ് തുറപ്പിച്ചു.
എല്ലുമുറിയെ പണിയെടുത്താലും കൂലിയില്ലാതെ തെരുവില്‍ അലയേണ്ടിവരുന്നവര്, ഭിക്ഷയാചിക്കുന്നവര്‍ … ഇവരെല്ലാവരെയും ഒരു കൂടക്കീഴില്‍ കൊണ്ടുവന്നു വിദ്യാഭ്യാസം നല്കി. പലരും വലിയ നിലയില്‍ എത്തിക്കഴിഞ്ഞു. സുനിൽസാർ ദൗത്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
സ്കൂള്‍ അല്ല, സ്നേഹം തുളുമ്പുന്ന വീട്
ചേരിയിലെ പിള്ളേരല്ലേ, എങ്ങിനെ അടങ്ങിയിരിക്കാനാ, പുസ്തകം അവര്‍ കൈകൊണ്ട് തൊടുമോ…ചോദ്യശരങ്ങളുമായി നെറ്റി ചുളിച്ചവര്‍ നിരവധി.
പക്ഷെ സുനില്‍ എന്ന അധ്യാപകന് കൂട്ടുണ്ടായിരുന്നത് ദൃഢനിശ്ചയമായിരുന്നു. ഒപ്പം താന്‍ നേരിട്ടുകണ്ട ദുരിതങ്ങള്‍ മായ്ച്ചുകളയണമെന്ന ആഗ്രഹവും.
ഇപ്പോള്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ 300 കുട്ടികള്‍ പഠിക്കുന്നുണ്ട്. എല്ലാവിധ സൗകര്യങ്ങളും ഇദ്ദേഹം ചെയ്തുകൊടുക്കുന്നു. ബെഞ്ച്, ഡസ്ക്, ബോര്‍ഡ് എന്തിന് എസി വരെ… ഇദ്ദേഹവുമായി എന്നും സഹകരിക്കുന്ന അധ്യാപകര്‍ ക്ലാസെടുക്കും.
കുട്ടികള്‍ ശ്രദ്ധയോടെ കേട്ടിരിക്കും. പലപ്പോഴും കാര്‍ക്കശ്യ സ്വഭാവത്തേക്കാള്‍ ഇദ്ദേഹം പകരുന്ന സ്നേഹം ഇവരെ ഇവിടെ പിടിച്ചിരുത്തുന്നു.
കുട്ടികളെ എങ്ങനെയെങ്കിലും പറഞ്ഞു മനസിലാക്കാം…പക്ഷെ, കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നതിനെക്കുറിച്ച് രക്ഷിതാക്കളെ പറഞ്ഞുമനസിലാക്കാനാണ് പാട്… ഇദ്ദേഹം പറയുന്നു.
കുട്ടികള്‍ പുറത്തുപോയി ഭിക്ഷയാചിച്ചാല്‍ അമ്പത് രൂപയെങ്കിലും കിട്ടും. ഈ മനോഭാവമാണ് അവര്‍ക്ക്. സ്കൂളില്‍ വിട്ടാല്‍ ആ വരുമാനം നഷ്ടമാവില്ലേ?
അതിന്റെ ദേഷ്യം അവര്‍ക്കുണ്ട്. അപ്പോഴും കൂടെയുള്ള സഹപ്രവര്‍ത്തകരും അജ്മീര്‍ രൂപതയിലെ സന്നദ്ധ പ്രവർത്തകരും ഇവരെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കും. അതിനുശേഷമാണ് പലരും സ്കൂളിലേക്കു വിടാന്‍ തയ്യാറാകുക.
സ്വപ്നങ്ങളിലേക്കുള്ള ടേക്ക് ഓഫ്
ഉഡാന്‍ … ഹിന്ദിയില്എഴുതി വച്ച ഒരുബോര്ഡുണ്ട്… ഡോ.സുനില്ജോസിന്റെ അജ്മീര്‍ പഞ്ചശീല്‍ നഗറിലെ വീടിനു മുന്നില്‍…. ടേക്ക് ഓഫ്എന്നര്ഥം വരുന്ന ഈ വാക്ക് അക്ഷരാര്‍ഥത്തില്‍ സുനില്‍ ജോസിന്റെ ജീവിതത്തോട് ഇഴചേര്‍ന്നുനില്‍ക്കുന്നു.
ഇവിടെ എത്തുന്ന വിദ്യാര്‍ഥികള്‍ എതുസാഹചര്യത്തില് നിന്ന് വന്നവരാണെങ്കിലും പ്ലസ്ടുവരെ പഠിപ്പിച്ച് നല്ല കോളജില്‍ അഡ്മിഷന് വാങ്ങികൊടുക്കുന്നതുവരെ ഇദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും വിശ്രമമില്ല. പലരും താത്പര്യമില്ലാതെ ഇടയ്ക്ക് വിട്ടുപോകും. അപ്പോഴും അവരെ തിരികെ എത്തിക്കാനുള്ള ശ്രമമുണ്ടാകും.
കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ഹോട്ടലിനു പിറകിലെ വേസ്റ്റുകളില്‍ അന്നത്തെ അന്നത്തിന് വഴികണ്ടെത്തിയിരുന്ന 40 പേരെ ഉഡാന്‍ സൊസൈറ്റി കൈപിടിച്ചുയര്‍ത്തി.
ഇവർക്ക് പഞ്ചശീല്‍ ഗവ. സ്കൂളിലും കായാട് ഗവ. സ്കൂളിലുംഅഡ്മിഷന് വാങ്ങിക്കൊടുത്തു. രക്ഷിതാക്കളെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ ഏറെ പാടുപെട്ടു. ലോക്ഡൗണ്‍കാലത്ത് ഇവര്‍ക്ക് സ്കൂളില്‍ പഠന സൗകര്യം ഒരുക്കിക്കൊടുക്കാന്‍ രേഖകളും സംഘടിപ്പിച്ചു.
സ്കൂളില്‍ വരുന്നതിനും പോകുന്നതിനും ഗതാഗത സൗകര്യവും നല്കി. ഒപ്പം ട്യൂഷനും. പതിവുപോലെ കൗണ്‍സലിംഗും.
ഒരു നേരത്തെ ഭക്ഷണം സ്കൂളും ഒരുനേരത്തേത് സൊസൈറ്റിയും ഏറ്റെടുക്കുമ്പോള്‍ പ്ലസ്ടു വരെയുള്ള ഇവരുടെ ഭാവികൂടിയാണ് സുരക്ഷിതമാകുന്നത്. ഭിക്ഷയാചിക്കാന്‍ ഇനി പോകില്ലെന്ന ഉറപ്പാണ് ഇവര്‍ നല്‍കുന്നത്. അതുമാത്രമാണ് ഈ അധ്യാപകനും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടത്.
രാജസ്ഥാനില്‍ രണ്ടുതരം വിദ്യാഭ്യാസമാണ് ഉള്ളത്. ഉയര്‍ന്ന നിലവാരത്തിലുള്ളത്. തീരെ താഴ്ന്നതും. മിഡില്‍ ലെവൽ എന്നൊന്നില്ല.
ശരിക്കുംപറഞ്ഞാല്‍ ഇവിടത്തെ കാലാവസ്ഥപോലെയാണ് വിദ്യാഭ്യാസ ജീവിതവും. ഉന്നുകില് ഉയര്‍ന്ന ചൂട്, അല്ലെങ്കില്‍ തണുപ്പ്… അതാണ് അവസ്ഥ. പക്ഷേ, രാജസ്ഥാനിലെ ജനങ്ങള്‍ ഇവയോട് പ്രത്യക്ഷത്തില്‍ പൊരുത്തപ്പെട്ടുകഴിഞ്ഞു. അവരുടെ ജീവിതം ഇങ്ങനെയൊക്കെത്തന്നെയാണ്…
സേവനം സെന്‍ട്രല്‍ ജയിലിലും
അജ്മീറിലെ സെന്‍ട്രല്‍ ജയിലിലും സുനില്‍ ജോസിന്റെ നേതൃത്വത്തിലുള്ള സ്നേഹകരങ്ങള്‍ എത്തുന്നുണ്ട്. മഹിളാജയിലില് തടവുകാരുടെ മക്കളും ഏഴുവയസുവരെ അവര്‍ക്കൊപ്പമാണ് വളരുന്നത്.
ശിക്ഷ തീരും വരെ കുട്ടികളും അമ്മമാര്‍ക്കൊപ്പം പ്രത്യേക കേന്ദ്രത്തില്‍ കഴിയണം. ഇവിടത്തെ കുട്ടികളുടെ ഭാവി മറ്റൊരു ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറിപ്പോകരുതെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് ഈ വലിയ ദൗത്യവും ഉഡാന്‍ സൊസൈറ്റി ഏറ്റെടുത്തത്. 12 പേരെയാണ് ഇവിടെ പഠിപ്പിക്കുന്നത്. ഇതിനായി വനിതാ അധ്യാപികയെ ചുമതലപ്പെടുത്തി.
കുടുംബജീവിതം
കോഴിക്കോട് കുരാച്ചുണ്ട് കാളങ്ങാലി എരത്തേല് ഹൗസില്‍ സുനില്‍ ജോസ് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് വിദ്യാഭ്യാസത്തിനുശേഷം 1995-ല്‍ ആണ് അജ്മീര്‍ സ്കൂളില്‍ കണക്ക് അധ്യാപകനായി എത്തിയത്. 25 വര്‍ഷത്തിലധികമായി രാജസ്ഥാനിലെ വിദ്യാര്‍ഥികളാണ് ഇദ്ദേഹത്തിന്റെ മനസും കുടുംബവും.
ഭാര്യ ഷൈനി തോമസ് പൊളിറ്റിക്കല്‍ സയന്‍സ് ലക്ചററാണ്. രണ്ടുമക്കളാണ് ഉള്ളത്. അനുപം ജോസ് (എംടെക് വിദ്യാര്‍ഥി), ശ്രേയ ജോസ് (എംബിബിഎസ് വിദ്യാര്‍ഥിനി). കുടുംബം നല്കുന്ന പൂര്‍ണ പിന്തുണയാണ് ഇദ്ദേഹത്തിന് നന്മയുടെ പാത വെട്ടിത്തുറക്കാന്‍ താങ്ങും തണലും നൽകുന്നത്.
ഇ. അനീഷ്