മലപ്പുറം: പ്രളയക്കെടുതിയിൽപ്പെട്ടവർക്ക് രക്ഷപ്പെടാൻ സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ താനൂർ സ്വദേശി ജൈസലിന് മഹീന്ദ്ര കന്പനിയുടെ കാർ സമ്മാനം. കന്പനിയുടെ പുതിയ കാറായ ’മരാസോ’ ആണ് ജൈസലിന് കൈമാറിയത്.
ഇന്നലെ കോഴിക്കോട്ടെ ഷോറൂമിൽ നടന്ന ചടങ്ങിൽ മന്ത്രി ടി.പി രാമകൃഷ്ണൻ കാറിന്റെ താക്കോൽ ജൈസലിനു കൈമാറി. മഹീന്ദ്രയും വിതരണക്കാരായ ഇറാം മോട്ടോഴ്സുമാണ് കാർ സമ്മാനമായി നൽകിയത്. ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സിദീഖ് അഹമ്മദ്, മേയർ തോട്ടത്തിൽ രവീന്ദ്രൻ, കളക്ടർ യു.വി ജോസ് തുടങ്ങിയവർ പങ്കെടുത്തു.
സമ്മാനം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ജൈസൽ പറഞ്ഞു. മലപ്പുറം വേങ്ങര മുതലമാട് പെരുന്പുഴയ്ക്കടുത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ട്രോമാകെയർ വോളണ്ടിയറും മത്സ്യത്തൊഴിലാളിയുമായ ജൈസൽ മുതുക് ചവിട്ടുപടിയാക്കിയത്.
തേർക്കയം പാലത്തിനു സമീപത്തു നിന്നുള്ള പ്രായമായ സ്ത്രീകൾക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ ഡിങ്കി ബോട്ടിൽ കയറാൻ പ്രയാസപ്പെടുന്നത് കണ്ട ജൈസൽ ഡിങ്കി ബോട്ടിനടുത്തു കുനിഞ്ഞിരുന്ന് തന്റെ പുറത്ത് ചവിട്ടി കയറാൻ ആവശ്യപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നയിം ഈ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി.
രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന പ്രവാസിയായ നയിം ഈ വിഡിയോ തന്റെ ഫേസ്ബുക്ക്പേജിൽ പങ്കുവച്ചതോടെ നിമിഷങ്ങൾക്കുള്ളിൽ ആയിരങ്ങളാണ് ഇതു ഷെയർ ചെയ്തത്. പിന്നീട് ദൃശ്യം വാട്സ്ആപ്പിലൂടെയും വ്യാപകമായ പ്രചരിച്ചു. അന്‍പതിലധികം കുടുംബങ്ങളെയാണ് ജൈസലും സംഘവും രക്ഷപ്പെടുത്തിയത്.