സോഷ്യൽ മീഡിയകളിൽ കഴിഞ്ഞയിടെ വൈറലായ കാന്പെയിനായിരുന്നു “വി ഹാവ് ലെഗ്സ്’ എന്നത്. കാൽ കാണിച്ചുള്ള നടിയുടെ ചിത്രമായിരുന്നു സംഭവങ്ങളുടെ ആധാരം.
ചിത്രത്തിനു നേരെ സൈബർ ആക്രമണം ഉണ്ടായി. അവർക്ക് പിന്തുണ അറിയിച്ചു കൊണ്ട് സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ കാൽ കാണിച്ചു കൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് താരത്തിനു പിന്തുണ പ്രഖ്യാപിച്ചതായിരുന്നു കാന്പെയിൽ.
എന്നാൽ ഇപ്പോൾ മറ്റൊരു കാലുകൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. യുഎസിലെ ടെക്സാസിൽ നിന്നുള്ള പതിനേഴുകാരിയായ മാകി കുറിൻ ആണ് കഥയിലെ താരം.
135.267 സെന്റീമീറ്റർ നീളം
ഗിന്നസ് റിക്കാർഡാണ് മാകിയുടെ കാൽ സ്വന്തമാക്കിയിരിക്കുന്നത്. സ്ത്രീകളിൽ മാത്രമല്ല, കൗമാരക്കാർക്കിടയിലും മാകിയുടെ കാലിനെ പിന്തള്ളാൻ തൽക്കാലം ആരുമില്ല.
റഷ്യയുടെ എകറ്റെറിന ലിസിനയുടെ പേരിലായിരുന്നു ഇത്രയും കാലം നീളം കൂടിയ കാലിന്റെ റിക്കാർഡ്. ഇപ്പോൾ മാകി ഈ നേട്ടം തന്റെ പേരിലാക്കിയിരിക്കുകയാണ്. 2017ലാണ് ലിസിനയെ ഏറ്റവും ഉയരമുള്ള പ്രഫഷണൽ മോഡൽ എന്ന റിക്കാർഡ് നേടിയെടുത്തത്.
ആറടിയും 8.77 ഇഞ്ചുമായിരുന്നു ലിസിനയുടെ ഉയരം. കാലുകളുടെ നീളമാകട്ടെ 132 സെന്റീമീറ്ററും. 135.267 സെന്റീമീറ്റർ നീളമാണ് മാകിയുടെ കാലുകൾക്കുള്ളത്. ആറടി പത്തിഞ്ചാണ് മാകിയുടെ ഉയരം. മാകിയുടെ ഉയരത്തിന്റെ 60 ശതമാനവും കാലിന്റേതാണ്. മാകി ഉയരക്കാരിയാണെങ്കിലും അച്ഛനോ അമ്മയ്ക്കോ സഹോദരങ്ങൾക്കോ ഈ ഉയരം കിട്ടിയിട്ടില്ല.
പൊക്കപ്രശ്നം
പൊക്കം പല കാര്യങ്ങളിലും വിലങ്ങുതടിയാകാറുണ്ടെന്നും മാകി സമ്മതിക്കുന്നു. ചില കാറുകളിൽ കയറുമ്പോൾ, ചില വാതിലുകൾ കടക്കുമ്പോൾ, ചില വസ്ത്രങ്ങൾ അണിയാൻ നോക്കുമ്പോൾ എല്ലാം പൊക്കം ഒരു പ്രശ്നമാകാറുണ്ട്.
ടിക് ടോക്കിലെ താരമാണ് മാകി ഇപ്പോൾ. യുകെയിൽ പോയി ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രഫഷണൽ മോഡൽ എന്ന റെക്കോഡ് നേടണമെന്നതാണ് മാകിയുടെ ആഗ്രഹം.