മാനസിക നില തെറ്റി ആരോരുമില്ലാതെ അഗതി മന്ദിരത്തില്‍ കഴിഞ്ഞത് കോടീശ്വരി. കാണാതെ പോയ ഭാര്യയെ തേടി ഭര്‍ത്താവ് ശശിധരന് അഗതിമന്ദിരത്തിലെത്തിയതോടെയാണ് മാഗിയ്ക്ക് ശാപമോക്ഷം ലഭിച്ചത്.
പത്തു മാസമായി കാണാതായ മാഗിയെ നേരില്‍ കണ്ടതിന്റെ സന്തോഷം സുവിശേഷക്കാരനായ ശശിധരന്റെ വാക്കുകളിലുണ്ടായിരുന്നു. ഇരുവരുടെയും കൂടിച്ചേരല്‍ അയനാവരം അന്‍പകം അഗതിമന്ദിരത്തിലെ ഓരോരുത്തരുടെയും കണ്ണുകളെ ഈറനണിയിച്ചു.
ചെന്നൈയില്‍ ശശിധരനും മാഗിയും താമസിച്ചിരുന്ന ആദംബാക്കത്ത് നിന്നു കഴിഞ്ഞ ഓഗസ്റ്റ് 26നാണ് മാഗിയെ കാണാതായത്. പത്ത് മാസത്തെ തെരച്ചിലിനൊടുവില്‍ ഭാര്യ സുരക്ഷിതയായി അയനാവരം അന്‍പകം അഗതിമന്ദിരത്തിലുണ്ടെന്ന് ശശിധരന് അറിഞ്ഞതു കഴിഞ്ഞ ദിവസമായിരുന്നു.
പലയിടത്തും അന്വേഷിച്ചിട്ടും ആദമ്ബാക്കം പൊലീസില്‍ അറിയിച്ചിട്ടും മാഗിയെ കണ്ടെത്താനായില്ലെന്നും അവരെ ഉടന്‍ തനിക്കൊപ്പം കൊണ്ടുപോകുമെന്നും ശശിധരന് അറിയിച്ചു.
നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മാഗിയെ ശശിധരന്റെ കൂടെ വിടുമെന്ന് അന്‍പകം അധികൃതര്‍ വ്യക്തമാക്കി. ചില ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കടുത്ത നിരാശയിലായിരുന്ന മാഗി 2016 മുതല്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ശശിധരന് പറയുന്നു.
ഇതേത്തുടര്‍ന്നാണ് വീട് വിട്ടിറങ്ങിയത്.അലഞ്ഞുതിരിയുന്നതിനിടെ പൊലീസാണു കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനു മാഗിയെ അന്‍പകം അഗതിമന്ദിരത്തില്‍ എത്തിച്ചത്. പരസ്പരബന്ധമില്ലാതെ സംസാരിച്ചിരുന്ന അവര്‍ ആദ്യം ഭര്‍ത്താവ് മരിച്ചുപോയെന്നാണു പറഞ്ഞത്.
പിന്നീട്, കൗണ്‍സിലിംഗിനിടെ ഭര്‍ത്താവിന്റെ വിവരങ്ങളും ഫോണ്‍ നമ്പരും ഓര്‍ത്തെടുക്കുകയായിരുന്നു. ഇങ്ങനെയാണ് ശശിധരനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
ശശിധരനെ കണ്ടതോടെ മാഗിയുടെ മുഖത്ത് ചിരി വിടര്‍ന്നു. അന്‍പകം അഗതിമന്ദിരം അധികൃതര്‍ക്കും സന്തോഷമായി. ശശിധരനോടൊപ്പം പോകാന്‍ തയ്യാറാണെന്ന് മാഗി അറിയിച്ചു. സുഹൃത്തുകള്‍ക്കൊപ്പം താമസിക്കുന്ന ശശിധരന് വാടകവീട് സംഘടിപ്പിക്കുന്നതോടെ ഇരുവരും വീണ്ടും ഒരുമിച്ച് ജീവിതം തുടങ്ങാനാണ് തീരുമാനം.
മാഗിയ്ക്ക് കോട്ടയം തിരുനക്കരയില്‍ കോടികള്‍ വിലമതിക്കുന്ന സ്വത്ത് ഉണ്ട്. ശശിധരനെ കൂടാതെ മാഗിയുടെ സഹോദരന്റെ ഭാര്യ ബെല്ലയും അന്‍പകത്തിലെത്തിയിരുന്നു. ഇവരും കൂട്ടിക്കൊണ്ടുപോകാന്‍ തയ്യാറാണെങ്കിലും ഭര്‍ത്താവിനൊപ്പം പോകാനാണ് മാഗി താത്പര്യം പ്രകടിപ്പിച്ചത്.
ചോദിച്ചപ്പോള്‍ ഭര്‍ത്താവും സഹോദരനും മരിച്ചുപോയെന്നായിരുന്നു മാഗി പറഞ്ഞിരുന്നത്. സഹോദരന് മനോജ് ചെന്നൈയില്‍ തന്നെയുണ്ടെന്ന് അന്‍പകം അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. മാഗിയെ കൂട്ടിക്കൊണ്ടുപോകാന്‍ സഹോദരന്റെ ഭാര്യയെത്തിയതോടെയാണ് ഭര്‍ത്താവിനെപ്പറ്റി അവര്‍ വെളിപ്പെടുത്തിയത്.
ശശിധരന്റെ ഫോണ്‍നമ്പറും നല്കി. വ്യോമസേനാ മുന്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന് മാത്തന് 2000-ല്‍ മരിച്ചതിനെത്തുടര്‍ന്ന് സേലയൂരിലുള്ള വീട്ടില്‍ മാഗി തനിച്ചാണ് താമസിച്ചിരുന്നത്. അമ്മ നേരത്തേതന്നെ മരിച്ചു. സഹോദരന് മനോജും കുടുംബവും വേറെ വീട്ടിലായിരുന്നു താമസം.
2001-ലാണ് ശശിധരനും മാഗിയും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചത്. അച്ഛന്റെ കാലത്തെടുത്തിരുന്ന വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ സേലയൂരിലുള്ള വീട് എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സ് കണ്ടുകെട്ടി.
പിന്നീട് ഇരുവരും വാടകവീട്ടില്‍ താമസിച്ചുവരുകയായിരുന്നു. മാഗിയുടെ കുടുംബത്തിന് കോട്ടയം തിരുനക്കരയിലുള്ളത് 20 സെന്റ് സ്ഥലം. സെന്റിന് 15 ലക്ഷം രൂപയോളം വില വരുന്ന സ്വത്തില്‍ മാഗിക്കും അവകാശമുണ്ടെന്നാണ് കോട്ടയത്ത് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.
ചെന്നൈയിലെ ‘അന്‍പകം’ കോ-ഓര്‍ഡിനേറ്റര്‍ റാഫി ഒരു മാസം മുമ്പ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഇതുസംബന്ധിച്ച് വിളിച്ചന്വേഷിച്ചിരുന്നു. ഇസ്രയേല്‍ എന്നാണ് അനാഥാലയത്തിന്റെ രജിസ്റ്ററില്‍ മാഗിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.
സുവിശേഷപ്രവര്‍ത്തകനായ ഭര്‍ത്താവ് വിവാഹശേഷമാണു തനിക്ക് ഇസ്രയേല്‍ എന്ന പേരിട്ടതെന്നും മാഗി പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ചെന്നൈ പൊലീസ് മാഗിയുടെ ചിത്രവും മറ്റു വിവരങ്ങളും കോട്ടയം പൊലീസിനു കൈമാറിയിരുന്നു.
തുടര്‍ന്നു കോട്ടയം പൊലീസ് ഇവരുടെ ബന്ധുക്കളെ ബന്ധപ്പെട്ടിരുന്നു. പുത്തനങ്ങാടി മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്തു റോഡരികില്‍ 20 സെന്റ് സ്ഥലം മാഗിയുടെ കുടുംബത്തിന്റെ പക്കലുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അന്‍പകം സ്ഥാപക ട്രസ്റ്റി മുഹമ്മദ് റാഫി നടത്തിയ അന്വേഷണത്തിനൊടുവില്‍ കോട്ടയത്തുള്ള ബന്ധു ബേബി ഈപ്പനാണ് ചിത്രം കണ്ട് ഇവരെ തിരിച്ചറിഞ്ഞത്.