തൊടുപുഴ: ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്റർ നിർമിച്ചു നൽകിയ വീട് വഴിത്തല സ്വദേശി വിജു പൗലോസിന് കൈമാറി. പോളിയോ ബാധിച്ച് കാലുകൾ തളർന്ന വിജുവിന് സ്വന്തമായൊരു വീട് സ്വപ്നമായിരുന്നു. ആ സ്വപ്നമാണ് തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്റർ യാഥാർഥ്യമാക്കിയത്.
എട്ടേകാൽ സെന്റ് ഭൂമിയിൽ മാതൃകാ ഭവന പദ്ധതിയുടെ ഭാഗമായി 668 ചതുരശ്രയടിയുള്ള വീടാണ് നിർമിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനം സന്തോഷ് ജോർജ് കുളങ്ങര നിർവഹിച്ചു.
ചലച്ചിത്ര സംവിധായകൻ പ്രജേഷ് സെൻ, ശാന്തിഗിരി കോളജ് മാനേജർ ഫാ. പോൾ പാറക്കാട്ടേൽ, പ്രിൻസിപ്പൽ ഫാ. ജോസ് ജോണ്, വൈസ് പ്രിൻസിപ്പൽ ഫാ. ഷിന്റോ, ഡിഫറന്റ് ആർട്ട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, മാജിക് പ്ലാനറ്റ് മാനേജർ സി.കെ. സുനിൽരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
ഡിഫറന്റ് ആർട്ട് സെന്ററിലെയും മാജിക് പ്ലാനറ്റിലെയും ജീവനക്കാരുടെ ധനസമാഹരണത്തിലൂടെ വാങ്ങിയ വീൽ ചെയറും വിജുവിന് കൈമാറി.
സംസ്ഥാനത്ത് സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനം നിർമിച്ചുനൽകുന്ന പദ്ധതിയിലെ ജില്ലയിലെ ഗുണഭോക്താക്കളാണ് വിജു പൗലോസും കുടുംബവും.