പി. ജയകൃഷ്ണൻ
കണ്ണൂർ: മുപ്പത്തിയഞ്ചുവർഷം പാളം തെറ്റാതെ, സേവനപാതയിലൂടെ ചൂളം വിളിച്ചോടിയ പള്ളിക്കുന്ന് വാസുരിയിൽ കാവുങ്കൽ കൃഷ്ണൻ എന്ന മാജിക് കൃഷ്ണൻ ഇന്ന് റെയിൽവേയുടെ പടിയിറങ്ങും.
ടിക്കറ്റ് പരിശോധകനായി സർവീസിൽ കയറി മാജിക്കിലൂടെയും മാന്യമായ പെരുമാറ്റത്തിലൂടെയും ജനഹൃദയങ്ങൾ കീഴടക്കിയശേഷം കൊമേഴ്സ്യൽ വിഭാഗം ഡപ്യൂട്ടി സ്റ്റേഷൻ മാനേജരായാണ് ഇന്ന് സർവീസിനോട് വിടപറയുന്നത്. കണ്ണൂർ റെയിൽവേ പ്ലാറ്റ് ഫോമിൽ കഴുത്തിൽ ഒരു ചെറിയ ബാഗ് തൂക്കി പലരോടും കുശലം പറഞ്ഞു നീങ്ങുന്ന സുപരിചിതനും കർക്കശക്കാരനുമായ ആ റെയിൽവേ ഉദ്യോഗസ്ഥൻ ഇനി റെയിൽവേക്ക് അന്യം.
സ്റ്റേഷൻ മോടി കൂട്ടാൻ ഭാര്യയും
ഇന്നലെ കൃഷ്ണേട്ടനെ കാണാൻ ഓഫീസിലെത്തിയപ്പോൾ സർവീസിൽനിന്ന് പിരിയുന്നതിന്റെ ചെറിയ പിരിമുറുക്കം മുഖത്ത് ദൃശ്യമായിരുന്നു. ഫോട്ടാ എടുക്കാനായി ഓഫീസിൽനിന്ന് താഴെയിറങ്ങിയപ്പോൾ അവിചാരിതമെന്നു പറയട്ടെ അദ്ദേഹം ഇന്ന് പടിയിറങ്ങുന്ന റെയിൽവേ സ്റ്റേഷന്റെ ചുമരുകളിൽ മനോഹരമായ ചുമർ ചിത്രങ്ങളൊരുക്കുകയാണ് ഭാര്യയും അരിയിൽ യുപി സ്കൂൾ അധ്യാപികയുമായ കെ.ബി. റീന.
പ്രശസ്തരായ കെ. ആർ. ബാബു, നിബിൻ എന്നിവരുടെ സഹകരണത്തോടെയാണ് 7000 ചതുരശ്ര അടി മതിലിലും 5000 ചതുരശ്ര അടി ചുമരിലും ചിത്രം ഒരുക്കുന്നത്. റെയിൽവേസ്റ്റേഷൻ മോടിപിടിപ്പിക്കുന്ന ജോലിക്ക് ഇവരെ സഹായിക്കുകയാണ് റീന.
യാത്രക്കാർക്ക് ചുമരുകളിൽ മനോഹര ചിത്രങ്ങളൊരുക്കി ആസ്വാദനത്തിന്റെ വഴി തീർക്കുന്നത് തന്റെ ഭർത്താവ് ജോലിയിലിരിക്കുന്ന ഒരു സ്ഥാപനത്തിലാണെന്നത് ഏറെ സന്തോഷം നല്കുന്നതാണെന്ന് റീന പറയുന്നു. ഡോ. ഓഷിൻ, ഹർഷൽ എന്നിരാണ് ഇവരുടെ മക്കൾ.
ലൗവ് ഈസ് ഗോഡ്
മനുഷ്യത്വം നിറഞ്ഞ പാതയിലൂടെ പതറാതെ ചൂളം വിളിച്ചോടിയ കൃഷ്ണന്റെ യാത്രകളോരോന്നും നിരാംലംബരെ ചേർത്തുപിടിക്കുന്നതായിരുന്നു. അനാഥത്വത്തിൽ വഴിതെറ്റിപ്പോയ നിരവധി കുരുന്നുകളെ നന്മയുടെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തിയ അപൂർവം മനുഷ്യരിൽ ഒരാളാണ് ഈ കേന്ദ്രസർക്കാർ ജീവനക്കാരൻ. നിസാര കാര്യങ്ങൾക്ക് വീടുവിട്ടിറങ്ങിയ കുട്ടികൾ, ഒളിച്ചോടുന്ന കമിതാക്കൾ, ആത്മഹത്യ ചെയ്യാൻ ഇറങ്ങിത്തിരിച്ചവർ, ട്രെയിനുകളിൽ ഉപേക്ഷിക്കപ്പെട്ടവർ തുടങ്ങി ഒരുപാടുപേർക്ക് താങ്ങായി മാറാൻ കൃഷ്ണനായി.
ആദ്യം സ്വന്തം ചെലവിലാണ് ഇത്തരക്കാരെ അനാഥാലയങ്ങളിലും മറ്റും എത്തിച്ചതെങ്കിൽ പിന്നീട് കണ്ണൂർ പോലീസും ചൈൽഡ് ലൈൻ അധികൃതരും അദ്ദേഹത്തിന്റെ സഹായത്തിനെത്തി. ആളുകൾക്കുള്ള സഹായം നിയമക്കുരുക്കിലാക്കുമെന്ന അന്നത്തെ ജില്ലാ പോലീസ് മേധാവി മാത്യു പോളികാർപ്പിന്റെ ഉപദേശമാണ് പിന്നീട് നിയമപരമായ വഴികളിലേക്ക് തന്റെ സേവനം തിരിച്ചുവിടാൻ കൃഷ്ണനെ പ്രേരിപ്പിച്ചത്.
ഔദ്യോഗിക ജീവിത്തിനിടയിലും അവശർ, അശരണർ, മാനസികമായി തകർന്നവർ, വേദനിക്കുന്നവർ, വിശക്കുന്നവർ എന്നിവർക്കായും അദ്ദേഹം യാത്രചെയ്തു. ആ സ്നേഹവും കരുതലും ഇനി റെയിവേയുടെ ചിത്രത്തിൽത്തന്നെ ഓർമയായി അവശേഷിക്കും.
നിറസാന്നിധ്യം
മൂന്നര പതിറ്റാണ്ടുനീണ്ട ഔദ്യോഗിക ജീവിതത്തിനിടയിൽ 30 വർഷം കൃഷ്ണൻ യാത്രക്കാർക്കിടയിൽ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും സജീവമായിരുന്നു. മാജിക്കിലൂടെ യാത്രക്കാരെ കൈയിലെടുത്ത് അതുവഴി വലിയ സൗഹൃദമുണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
തീതിന്നു പായുന്ന ഒരുപാട് ജീവിതങ്ങളാണ് പലപ്പോഴും യാത്രയിൽ കാണുന്നത്. അവരുടെ വിതുന്പലും തേങ്ങലും കാണാനുള്ള മനസ് അപൂർവം ചിലർക്കേ ഉണ്ടാകൂ. ഓരോ യാത്രയിലും സങ്കടങ്ങളുടെ നിറൂന്ന വേദന തൊട്ടറിഞ്ഞ വ്യക്തിയാണ് പഴയ ചെറുകുന്നുകാരനായ കൃഷ്ണൻ.
റെയിൽവേയുടെ പടിയിറങ്ങാൻ മണിക്കൂറുകളാണെങ്കിലും മനുഷ്യത്വം മരിക്കാത്തവരുടെ ഹൃദയത്തിൽ എന്നും ഈ മാജിക് കൃഷ്ണൻ ഉണ്ടാകുമെന്ന് സഹപ്രവർത്തകർ പറയുന്നു. ടിക്കറ്റ് പരിശോധനയ്ക്കിടെ ചിലർ പറഞ്ഞാൽ മാജിക് കാണിച്ചിരുന്ന കാലമായിരുന്ന ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ആസ്വാദകദിനങ്ങളെന്ന് കൃഷ്ണൻ പറയുന്നു. മാജിക്കിനോടുള്ള കന്പം ചെറുപ്പത്തിലെ ഉണ്ടായതാണെങ്കിലും ജോലിയിൽ പ്രവേശിച്ചപ്പോഴാണ് മാജിക് പഠിക്കുന്നത്.
പദ്മരാജ് അന്നൂരിൽനിന്നാണ് മാജിക്കിന്റെ ബാലപാഠം സ്വായത്തക്കുന്നത്. പിന്നീട് സുധി നീലേശ്വരത്തിൽനിന്നാണ് മാജിക് പഠിക്കുന്നത്. പിന്നീട് യാത്രക്കാരെ ആനന്ദിപ്പിക്കാനും അന്പരിക്കാനും തുടങ്ങി സൗഹൃദത്തിന്റെ വലിയൊരു ശൃംഖലതന്നെ തീർക്കുകയായിരുന്നു മാജിക് കൃഷ്ണൻ. ബന്ധങ്ങളുടെ തോഴനാണ് അദ്ദേഹം. ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നീട് ഒരിക്കലും മറക്കാത്ത പ്രകൃതം.
അതിന് സാധരണക്കാരനെന്നോ ഉന്നതനെന്നോ വ്യത്യാസമില്ല. രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, സിനിമാരംഗത്തുള്ളവർ, ഉദ്യോഗസ്ഥർ തുടങ്ങി എല്ലാ മേഖലകളിലുള്ളവരിലേക്കും നീങ്ങുന്നതാണ് റെയിൽവേയിലൂടെ കൃഷ്ണൻ നേടിയെടുത്ത സൗഹൃദവലയം.
കരുണയുടെ ഹസ്തം
വിശക്കുന്നവർ, വീടുവിട്ടുപോകുന്നവർ, ഒളിച്ചോടുന്നവർ, ഒടുവിൽ ജീവിതംതന്നെ പാളത്തിൽ ഒടുക്കാൻ ഇറങ്ങിത്തിരിച്ചവർ, രോഗികൾ ഇവരെയൊന്നും കാണാതെപോകാൻ കൃഷ്ണന് കഴിയുമായിരുന്നില്ല. അവരുടെ മുഖത്തുനിന്നുതന്നെ കാര്യങ്ങൾ വായിച്ചെടുക്കാനുള്ള കൃഷ്ണൻ എന്ന മനുഷ്യ സ്നേഹിയുടെ കഴിവ് എടുത്തുപറയേണ്ടതാണ്. അവർക്ക് കഴിയുന്ന സഹായങ്ങളെല്ലാം ചെയ്യും. ടിക്കറ്റെടുക്കാൻ പണമില്ലാത്തവർക്ക് ടിക്കറ്റെടുത്ത് നല്കിയും വിശക്കുന്നവർക്ക് ഭക്ഷണം വാങ്ങി നല്കിയും രോഗികളെ സഹായിച്ചും എന്നും അദ്ദേഹം മുൻപന്തിയിലുണ്ടാകും.