മലയാളികള്‍ക്ക് എന്നും വിസ്മയവും പ്രചോദനവും ഒരുപോലെ നല്‍കിയിട്ടുള്ള, നല്കിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് മജീഷ്യന്‍ മുതുകാട്. തന്റെ മാജിക്കുകളിലൂടെ അദ്ദേഹം സമൂഹത്തിന് നല്കിക്കൊണ്ടിരിക്കുന്ന സന്ദേശങ്ങളും വിലമതിക്കാനാവാത്തതാണ്. ഇക്കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അദ്ദേഹം പങ്കുവച്ച ഒരു വീഡിയോ സന്ദേശമാണ് ഇപ്പോള്‍ വൈറലായിക്കൗണ്ടിരിക്കുന്നത്.
ബഹ്റൈന്‍ മലയാളി സമൂഹത്തിനിടയില്‍ ഡിപ്രഷനും ആത്മഹത്യാ പ്രവണതയും വര്‍ധിച്ചു വരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തിലാണ് മജീഷ്യന്‍ മുതുകാട് തന്റെ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത സംഭവം വിവരിച്ചുകൊണ്ട് സന്ദേശം നല്‍കിയത്. സന്ദേശം നവമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകനായ കെ.ടി സലീമാണ് ആത്മഹത്യകള്‍ വര്‍ധിച്ചതായ കാര്യം തന്നെ അറിയിച്ചതെന്ന് വ്യക്തമാക്കി തുടങ്ങിയ മുതുകാട് പിന്നീട് തന്റെ ജീവിതത്തിലെ ഒരു സംഭവം വിവരിക്കുകയും ചെയ്തു.
അടുത്തിടെ നടക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ മരണത്തില്‍ 60 ശതമാനം പേരും മലയാളികളാണെന്നും കഴിഞ്ഞ 35 ദിവസത്തിനുള്ളില്‍ ആറ് മലയാളികള്‍ ജീവനൊടുക്കിയതും നടുക്കത്തോടെ അറിഞ്ഞു. ഇനി താന്‍ പറയുന്ന കാര്യങ്ങള്‍ പ്രവാസി സുഹൃത്തുകള്ക്കള് മനസിലിരുത്തി കേള്‍ക്കണമെന്ന അപേക്ഷയും മുതുകാട് മുന്നോട്ടുവെച്ചു.
ബഹ്റൈനെ പശ്ചാത്തലമായി തന്നെ ഞാന്‍ ചില കാര്യങ്ങള്‍ പറയാം. ഒരിക്കല്‍ അവിടെ ഫയര്‍എസ്കേപ്പ് നടത്തിയപ്പോള്‍ തനിക്ക് ഗുരുതരമായി പൊള്ളലേറ്റ കാര്യം എല്ലാവര്ക്കും അറിയാമെന്ന് കരുതുന്നു. മണ്ണെണ്ണക്ക് പകരം പെട്രോളും വൈക്കോലിന് പകരം കുതിരപ്പുല്ലും ഉപയോഗിച്ചതായിരുന്നു തീ ആളിപ്പടരാന്‍ കാരണം.
അങ്ങനെ അഗ്നിക്ക് മുന്നില്‍ ഞാന്‍ തോറ്റുപോയി. വേദന കടിച്ചമര്‍ത്തി എത്രയോ ദിവസം ബഹ്റൈനിലുള്ള അമേരിക്കന്‍ മിഷന് ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. പിന്നെ ഹോട്ടലില്‍ കുറച്ചുദിവസം. 10 ാം വയസ് മുതല്‍ മാജിക് അവതരിപ്പിച്ച് തുടങ്ങിയ, രക്തത്തില്‍പ്പോലും മാജിക് അലിഞ്ഞുചേര്‍ന്ന ആളാണ് ഞാന്‍. എന്നാല്‍ മാജികിനെ എന്നന്നേക്കുമായി കൈയൊഴിയേണ്ടി വരുമെന്ന് ഡോക്ടര്‍ വിധിയെഴുതി. എന്റെ മുന്നില്‍ ഇരുട്ടായിരുന്നു. അന്ന് ഞാനും മാനസികമായി തളര്‍ന്നു.
ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചുപോയി. ഒന്നുചോദിക്കട്ടെ. ഞാന്‍ അന്ന് ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ ഇന്ന് ലോകത്തില്‍ ഏറ്റവും സന്തോഷവാനായി ജീവിക്കാന്‍ എനിക്ക് കഴിയുമായിരുന്നോ. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നത് കേള്‍ക്കൂ. പരിഹാരം ഇല്ലാത്ത ഒരു കാര്യവും ഇല്ല.
മരിക്കാന്‍ കാണിക്കുന്ന ധൈര്യം മാത്രം മതി നമ്മുടെ മുന്നില്‍ ഉണ്ടാകുന്ന പ്രശ്നത്തെ അതിജീവിച്ച് മുന്നേറാന്‍. മാനസിക പിരിമുറുക്കം അതേപടി കൊണ്ടുനടന്നാല്‍ വിഭ്രാന്തിയുടെ ലോകത്തേക്ക് എത്തപ്പെടും. നമ്മില്‍ ആധിയുണ്ടാകും. ഇതില്‍ നിന്നെല്ലാം അതിജിവിക്കാന്‍ എല്ലാപേര്‍ക്കും കഴിയും എന്നിരിക്കെ എന്തിന് മരണത്തില്‍ അഭയം തേടണമെന്നും അദ്ദേഹം ചോദിക്കുന്നു.