കായംകുളം: മലയാളം സീരിയലുകൾക്ക് സെൻസറിംഗ് ആവശ്യമാണന്ന നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിന്റെ അഭിപ്രായത്തോട് നൂറ് ശതമാനം യോജിക്കുകയാണന്ന് മജീഷ്യൻ സാമ്രാജ്.
മലയാളം സീരിയലുകളിൽ പലതും ഇപ്പോൾ കുടുംബ ബന്ധങ്ങൾ ശിഥിലമാക്കാൻ ശേഷിയുള്ള ആറ്റം ബോംബായി മാറിയിരിക്കുകയാണ്.
കുടുംബ ബന്ധങ്ങളുടെ മൂല്യം മനസിലാക്കി നല്ല സന്ദേശങ്ങൾ പകർന്നുനൽകുന്നതിനുപകരം പ്രേക്ഷകരെ പിടിച്ചുനിർത്താനായി എന്തും ആവിഷ്കരിക്കാം എന്ന നിലയിലേക്ക് സീരിയലുകൾ സൃഷ്ടിക്കുന്നതും അത് സംപ്രേഷണം ചെയ്യുന്നതും അപകടകരമാണ്.
ജനങ്ങളിൽ തെറ്റായ സന്ദേശം പകർന്ന് അവരുടെ കുടുംബ ജീവിതം തകർക്കാനുള്ള പ്രേരകശക്തിയായി മാറുന്ന സീരിയലുകളെ നിയന്ത്രിക്കണം.
കൂടാതെ സിനിമയുടേതുപോലെതന്നെ സീരിയലുകളുടെയും പ്രമേയങ്ങൾ പരിശോധിച്ച് സെൻസറിംഗിന് വിധേയമാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണന്നും മജീഷ്യൻ സാമ്രാജ് പറഞ്ഞു.