കോട്ടയം: ശൂന്യമായ സഞ്ചിയിൽ നിന്നും വർണക്കടലാസുകളും വിവിധ നിറത്തിലുള്ള പൂക്കളും പുറത്തേക്കു ചാടുന്നു. നാഗന്പടം ബസ് സ്റ്റാൻഡിലുണ്ടായിരുന്ന നിരവധി പേർ ആകാംക്ഷയോട നോക്കി നില്ക്കുകയാണ്. കുട്ടികളാകട്ടെ പൂക്കളും വാർണക്കടലാസുകളും എടുക്കാൻ അടുത്തേക്ക് ചെല്ലുകയാണ്. ജാലവിദ്യകളിലുടെ കൊല്ലം പിള്ള എന്നറിയപ്പെടുന്ന എൽ. ഗോപിനാഥ പിള്ളയാണു യാത്രക്കാരെ വിസ്മയിപ്പിക്കുന്നത്.
77-ാം വയസിലും പ്രായം തളർത്താത്ത ഈ ജാലവിദ്യാക്കാരൻ ഏവരെയും വിസ്മയിപ്പിക്കുകയും അതിശയിപ്പിക്കുകയുമാണ്. കൈയിൽ മാജിക് വടിയും കൊന്പൻ മീശയും സ്യൂട്ടും കോട്ടും അണിഞ്ഞു തൊപ്പിയും ധരിച്ച് ഇദ്ദേഹം കവലകളിലും നഗരഇടങ്ങളിലും ആൾക്കൂട്ടങ്ങളിലും മാജിക് അവതരിപ്പിക്കുന്നതു കാണാൻ കുട്ടികളടക്കം വൻനിര തന്നെയുണ്ട്.
അഷ്ടമുടിക്കായലോരത്ത് മജിഷ്യൻ എസ്. ശങ്കരപ്പിള്ളയുടെയും കുഞ്ഞുഞ്ഞമ്മയുടെയും എട്ടാമത്തെ മകനാണ് ഗോപിനാഥ പിള്ളയെന്ന കൊല്ലം പിള്ള. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി വേദികളിൽ ഇദ്ദേഹം ഇതിനോടകം ജാലവിദ്യ അവതരിപ്പിച്ചു കഴിഞ്ഞു.
കൈയിലിരിക്കുന്ന ചരട് നിമിഷനേരം കൊണ്ടു വടിയാക്കി മാറ്റുക, നിറയെ ചിത്രങ്ങളുള്ള പുസ്തകങ്ങൾ വെള്ളക്കടലാസുകളാക്കുക, തുടങ്ങിയ ഒട്ടേറെ ജാലവിദ്യകളാണു കൊല്ലം പിള്ള കാണികൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്. ഇതിനു പുറമെ പുകയില ഉത്പന്നങ്ങൾ ആരോഗ്യത്തിനു ഹാനികരണമാണ് എന്ന ആശയങ്ങൾ പ്രചരിപ്പിക്കുന്ന മാജിക് ഐറ്റങ്ങളും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.