കണ്ണൂർ: കണ്ണൂരിൽ നിന്നും തൃശൂരിൽ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടും വള്ളവും അപകടത്തിൽപെട്ടു. രണ്ടുപേരെ കാണാതായി. 11 പേരെ അവശനിലയിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവക്കാട് നിന്ന് തിങ്കളാഴ്ച രാവിലെ കടലിൽ പോയ തന്പുരാൻ ബോട്ടാണ് അപകടത്തിൽപെട്ടത്. കേടുപാടുകൾ സംഭവിച്ച ബോട്ട് ഇന്നു പുലർച്ചെ ആയിക്കര ഹാർബറിലാണ് എത്തിയത്.
ബോട്ടിലെ സ്രാങ്കായ ആലപ്പുഴ തോട്ടപ്പള്ളി ഗോപിയുടെ മകൻ രാജീവനെ (43) ആണ് കാണാതായത്. ബുധനാഴ്ചയോടെയാണ് ഇവരുടെ ബോട്ട് കനത്ത തിരമാലകളിൽപെട്ടത്. ഇതിനിടയിൽ ആടിയുലഞ്ഞ ബോട്ടിൽ നിന്ന് രാജീവൻ കടലിലേക്കു തെറിച്ചുവീഴുകയായിരുന്നു. വയർലസ് സെറ്റടക്കം നഷ്ടപ്പെട്ടതിനാൽ അപകടത്തിൽപ്പെട്ട വിവരം പുറംലോകത്തെ അറിയിക്കുവാൻ ഇവർക്ക് കഴിഞ്ഞില്ല. ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.
ഇന്നു പുലർച്ചെയോടെ ആയിക്കര തീരത്തെത്തിയ ബോട്ടിൽ നിന്നും അവശനിലയിലായ മത്സ്യതൊഴിലാളികളായ തോട്ടപ്പള്ളിയിലെ കമലാസൻ (67), കുഞ്ഞുമോൻ (58), ചാവക്കാട്ട് സ്വദേശികളാ ബിജു (40), രൂപേഷ് (28), അജേഷ് (32), തമിഴ്നാട് ചിദംബരം സ്വദേശി ഗോപു (42) എന്നിവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആയിക്കരയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ രണ്ടു ഫൈബർ വള്ളങ്ങളാണ് അപകടത്തിൽപെട്ടത്. ഫൈബർ വള്ളത്തിലുള്ള ആദികടലായി സ്വദേശി ഫാറൂഖിനെ (40) ആണ് കടലിൽ കാണാതായത്. ബുധനാഴ്ച രാവിലെ മത്സ്യബന്ധനത്തിനു പോയ ഫൈബർ ബോട്ടാണ് അപകടത്തിൽപെട്ടത്. ശക്തമായ തിരയിൽ ഫാറൂഖ് വള്ളത്തിൽ നിന്നു തെറിച്ച് കടലിലേക്കു വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശി വർഗീസ് (40), ആയിക്കര സ്വദേശി മുഹമ്മദ് (38) എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയിക്കരയിൽ നിന്നു പോയ കിരൺ എന്ന ഫൈബർബോട്ട് അപകടത്തിൽപെട്ടെങ്കിലും വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. രാജു, ദിലീപ്, ജോബൻ എന്നിവരെയാണു കരയ്ക്കെത്തിച്ചത്.
കാണാതയവർക്കു വേണ്ടി ഇന്നു രാവിലെ മുതൽ കോസ്റ്റൽ, മറൈൻ എൻഫോഴ്സ്മെന്റ്, മത്സ്യതൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നേവിയുടെ സഹായത്തിനായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്.