തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴ. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വരുംമണിക്കൂറുകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. എറണാകുളം തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ലക്ഷദ്വീപിൽ ആതീവജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. ബുധനാഴ്ച മുതൽ നിർത്താതെ തുടരുന്ന പെരുമഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. എറണാകുളം ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കൊച്ചി, പറവൂർ, കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
എറണാകുളം എടവനക്കാട് കടൽക്ഷോഭമുണ്ടായി. തീരത്തുനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. പാറശാല-നെയ്യാറ്റിൻകര പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പരശുറാം എക്സ്പ്രസ് പാറശാലയിൽ നിർത്തിയിട്ടിരിക്കുകയാണ്. പാളത്തിലെ മണ്ണ് നീക്കിയ ശേഷം ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ തീവ്രശ്രമം നടക്കുകയാണ്.
എംജി സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിയിട്ടുണ്ട്. മഹാ ചുഴലിക്കാറ്റ് ഉച്ചയ്ക്കു മുമ്പ് ശക്കിപ്രാപിക്കുമെന്നാണ് റിപ്പോർട്ട്. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. കേരളം മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്.
അതിപ്രക്ഷുബ്ദാവസ്ഥയിലുള്ള കടലിൽ മത്സ്യത്തൊഴിലാളികൾ പോകരുത്. കട ൽത്തീരത്തു പോകുന്നതും ഒഴിവാക്കണം.
സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും ഇന്ന് യെലോ അലർട്ടും പ്രഖ്യാപിച്ചു. കോ ഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വെള്ളിയാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.