കൊച്ചി: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കടൽ ക്ഷോഭം ശക്തമാകുന്നു. എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമായിരിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
നായരന്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. നായരന്പലത്ത് അന്പതിലേറെ കുടുംബങ്ങളെയാണ് ക്യാന്പിലേക്ക് മാറ്റിയിരിക്കുന്നത്. താന്തോന്നി തുരത്തിലും വെള്ളം കയറി. ഇവിടെനിന്നും 62 കുടുംബങ്ങളെ ക്യാന്പിലേക്ക് മാറ്റിയിട്ടുണ്ട്. കടൽക്ഷോഭത്തിൽ ഫോർട്ട് കൊച്ചിയിൽ 15ലേറെ മത്സ്യബന്ധന ബോട്ടുകൾ തകർന്നു.
ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കൊച്ചി, പറവൂർ, കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. എറണാകുളം തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.