തിരുവനന്തപുരം: കേരള തീരത്തുടനീളം ഭീതി പരത്തിയ മഹ ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയതോടെ തീരമേഖലയിൽ കാറ്റിന്റെ ശക്തി കുറയുന്നു. ചുഴലിക്കാറ്റിന്റെ ശക്തി വർധിച്ചെങ്കിലും ഒമാൻ തീരത്തേക്ക് നീങ്ങിയതോടെ കേരളത്തിൽ കാറ്റിന്റെ പ്രഭാവം കുറയുകയാണ്. അതേസമയം മൂന്നു വരെ സംസ്ഥാനത്തു മഴ തുടരുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയുണ്ടാകും.
കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ കടലിൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളതീരത്ത് മത്സ്യബന്ധനം പൂർണമായി നിരോധിച്ചിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അപകടാവസ്ഥയിലുള്ള പോസ്റ്റുകളോ മരങ്ങളോ ശ്രദ്ധയിൽ പെടുന്നവർ അധികൃതരെ അറിയിക്കണം. അത്തരം സാഹചര്യങ്ങളിലുള്ള വീടുകളിൽ താമസിക്കുന്നവരും സുരക്ഷയുടെ ഭാഗമായി മാറിത്താമസിക്കണം തുടങ്ങിയ നിർദേശങ്ങളും ദുരന്തനിവാരണ അഥോറിറ്റി നൽകിയിട്ടുണ്ട്.
ശക്തമായ കാറ്റിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും പരസ്യ ബോർഡുകളും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ ഇവയ്ക്ക് കീഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. ഇലക്ട്രിക്ക് കന്പികൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ വെള്ളക്കെട്ടിൽ ഇറങ്ങാതിരിക്കണമെന്നും എന്തെങ്കിലും അപകടാവസ്ഥ ശ്രദ്ധയിൽ പെട്ടാൽ ഉടനെ കെഎസ്ഇബിയുടെ കൺട്രോൾ റൂം നന്പറായ 1912ൽ വിളിച്ചറിയിക്കണമെന്നും അധികൃതർ അറിയിച്ചു.