ലക്നോ: ബിജെപിയെ അധികാരത്തില്‍നിന്നു മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറെടുക്കുന്ന കോണ്‍ഗ്രസിന് ആശ്വാസമായി ഉത്തര്‍പ്രദേശ്. ഉത്തര്‍പ്രദേശില്‍ മായാവതിയും അഖിലേഷും അജിത് സിംഗും രാഹുല്‍ ഗാന്ധിയുമൊക്കെ സഖ്യമായി മത്സരിക്കാന്‍ ധാരണയായതായി സൂചന.
യുപിയിലെ മുഴുവന്‍ ലോക്സഭാസീറ്റും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഖിലേഷിന്റെ സമാജ് വാദി പാര്‍ട്ടിയും ദളിത് വോട്ടുബാങ്കായ മായാവതിയുടെ ബിഎസ്പിയും അജിത് സിംഗിന്റെ ആര്‍എല്‍ഡിയും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു മത്സരിക്കുന്നത്. ഉപതെരഞ്ഞെടുപ്പുകളില്‍ ഈ പരീക്ഷണം വിജയകരമായിരുന്നു.
യുപിയില്‍ ആകെയുള്ള 80 സീറ്റുകള്‍ പാര്‍ട്ടിയുടെ ശക്തിയടിസ്ഥാനത്തില് വിഭജിച്ചു മത്സരിക്കാനാണ് ധാരണ. സഖ്യത്തിനൊപ്പം എന്‍സിപിയും ചേരും. എന്‍സിപി നേതാവ് ശരദ് പവാറാണ് സഖ്യത്തിനുള്ള ചരടുവലിക്കുന്നത്. ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ഫുല്പുര്, ഖോരക്പുര്‍, കൈരാന, നൂര്‍പുര്‍ മണ്ഡലങ്ങളില്‍ സഖ്യത്തിനായിരുന്നു വിജയം.
അതേസമയം, യുപിയില്‍ കോണ്‍ഗ്രസിനു വലിയ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് സൂചന. 80 സീറ്റുകളില്‍ എട്ടു സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനു നല്‍കാനായുള്ള തീരുമാനം. സമ്മര്‍ദം കൂടിയാല്‍ 10 സീറ്റുവരെ നല്‍കും. 35 സീറ്റില്‍ ബിഎസ്പിയും 32 സീറ്റില്‍ എസിപിയും മൂന്നു സീറ്റില്‍ ആര്‍എല്‍ഡിയും മത്സരിക്കും.
മഹാസഖ്യം യാഥാര്‍ഥ്യമായാല്‍ കഴിഞ്ഞതവണ ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി അതിജീവിക്കേണ്ടി വരും. അതിനിടെ, ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശ് രാജസ്ഥാന് സംസ്ഥാനങ്ങളില്‍ ബിഎസ്പിയും കോണ്‍ഗ്രസിനോട് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 230 സീറ്റുകളുള്ള മധ്യപ്രദേശില്‍ 50 സീറ്റുകള്‍ തങ്ങള്‍ക്കു വേണമെന്നാണ് മായാവതിയുടെ ആവശ്യം.
എന്നാല്‍, 22 സീറ്റുകള്‍ നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ജാര്‍ഖണ്ഡിലും തമിഴ്നാട്ടിലും ബിഹാറിലും സഖ്യം സംബന്ധിച്ച ഏകദേശ ധാരണയായിട്ടുണ്ട്. മഹാരാഷ്്ട്രയില്‍ എന്‍സിപിയുമായി ചേര്‍ന്നു മത്സരിക്കുന്ന കോണ്‍ഗ്രസിന് കാര്യങ്ങള്‍ എത്രത്തോളം സുഗമമായിരിക്കുമെന്നറിയില്ല. ബിജെപിയെ അധികാരത്തില്‍നിന്നകറ്റാന്‍ ആര്‍ക്കു വേണമെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്കു വരാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. എന്തായാലും എന്തു വിട്ടു വീഴ്ചയ്ക്കും തയാറാണെന്ന സൂചനയാണ് കോണ്‍ഗ്രസ് നല്‍കുന്നത്.