മുംബൈ നഗരത്തില്‍ ചൂടുകൂടുമ്പോഴും മഹാബലേശ്വര്‍ ഇതൊന്നും അറിഞ്ഞമട്ടില്ല. കാരണം മഹാബലേശ്വറിലെ താപനില 12.5 ഡിഗ്രീ സെല്‍ഷ്യസ് മാത്രമാണ്. ഇന്ത്യന്‍ മെറ്റിരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഈ വിവരം പുറത്തുവിട്ടത്. മുംബൈയില്‍ താപനില ഏറ്റവും കുറഞ്ഞ പ്രദേശമാണിത്. 2013 മുതലുള്ളതില്‍ വച്ച് ഏറ്റവും തണുത്ത പ്രഭാതമായിരുന്നു ബുധനാഴ്ചത്തേത്.
മുംബൈയിലെ ഏറ്റവും ചൂടുകുറഞ്ഞ പ്രദേശം മഹാബലേശ്വറാണെങ്കിലും മഹാരാഷ്ട്രയിലെ ഏറ്റവും തണുത്ത പ്രദേശം നാസിക് ആണ്. വെറും ആറു ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടുത്തെ താപനില. അഹമ്മദ് നഗറും മലേഗാവോണുമാണ് തൊട്ടുപിന്നില്‍. ഏഴു ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടങ്ങളിലെ താപനില. ഈ മൂന്നു സ്ഥലങ്ങളിലെയും മിനിമം താപനില എട്ടു ഡിഗ്രി സെല്‍ഷ്യസാണ്.
2012ലാണ് മുംബൈയില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും തണുപ്പേറിയ പ്രഭാതം രേഖപ്പെടുത്തിയത്. അന്ന് 10.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. 1962ല്‍ 7.4 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ കാറ്റിന്റെ പ്രഭാവമാണ് മുംബൈ നഗരത്തിലെ താപനില പെട്ടെന്ന് കുറയാനും കൂടാനുമുള്ള കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. സാന്താക്രൂസിലെ മിനിമം താപനില 12.5 ഡിഗ്രിയും മാക്‌സിമം താപനില 27.8 ഡിഗ്രിയുമാണെന്നത് തന്നെ ഉദാഹരണം. ഈ വര്‍ഷം ജനുവരി ആദ്യം തന്നെ താപനില 14.4 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നിരുന്നു. തണുത്ത പ്രദേശങ്ങളില്‍ നിന്നു കാറ്റു വീശുന്നതാണ് താപനിലയെ പെട്ടെന്ന് ഇടിക്കുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.