രാജമൗലി 400 കോടി ബജറ്റിൽ മഹാഭാരത പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാലും രജനീകാന്തും ആമിർഖാനും വേഷമിടുന്നുവെന്നു റിപ്പോർട്ടുകൾ. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിനു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന മഹാഭാരതത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാ വിഷയമാണ്.
ബാഹുബലി രണ്ടാം ഭാഗത്തിന്റെ വർക്ക് പൂർത്തിയയാലേ മഹാഭാരതത്തിന്റെ പണിപ്പുരയിലേക്ക് കടക്കുകയുള്ളൂവെന്ന് സംവിധായകൻ രാജമൗലി മുൻപ് അറിയിച്ചിരുന്നു. ചിത്രത്തിന്റെ ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സംവിധായകനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ ഗരുഡ എന്നു പേരിട്ട് മഹാഭാരതം ആസ്പദമാക്കി രാജമൗലി ചിത്രമൊരുക്കുന്നുവെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ചിത്രം പൂർത്തിയാക്കാൻ നാലു വർഷം വേണ്ടി വരുമെന്നും വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ചിത്രം ചെയ്യാൻ കഴിയില്ലെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ സിനിമയിലെ തന്നെ മുൻനിര താരങ്ങളായ ആമിർഖാൻ, മോഹൻലാൽ, രജനീകാന്ത് തുടങ്ങിയവരെ മനസിൽ കണ്ടാണ് രാജമൗലി ചിത്രം പ്ലാൻ ചെയ്യുന്നത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.മഹാഭാരതം സിനിമയാക്കുന്പോൾ അതിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് ആമിർ ഖാൻ അറിയിച്ചിരുന്നു. കൃഷ്ണനായി വേഷമിടാനാണ് ആമിറിന് ആഗ്രഹമെന്നും ദംഗലിന്റെ പ്രചാരണവേളയിൽ ആമിർ അറിയിച്ചിരുന്നു. ബാഹുബലിക്കായി മൂന്നരവർഷമാണ് മാറ്റിവച്ചതെങ്കിൽ ഈ പ്രോജക്ടിന് അദ്ദേഹം മാറ്റിവയ്ക്കുക അഞ്ച് വർഷമായിരിക്കും.