മലയാള സിനിമയിൽ രണ്ടാമൂഴം വിവാദം കത്തിപ്പടരുകയാണ്. കരാറിൽ പറഞ്ഞ തീയതി കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരണം ആരംഭിക്കാത്തതിനെ തുടർന്ന് എം.ടി. വാസുദേവൻ നായർ തിരക്കഥ തിരികെ ആവശ്യപ്പെട്ട് കോഴിക്കോട് മുൻസിഫ് കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു. പ്രശ്നം വഷളായതോടെ സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
എം.ടിയെ ഉടൻ തന്നെ നേരിട്ടു കാണുമെന്നും പ്രശ്നങ്ങളെല്ലാം അവസാനിപ്പിക്കുമെന്നുമായിരുന്നു ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ എം.ടിയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ രണ്ടാമൂഴത്തിന്റെ തിരക്കഥയിൽ ശ്രീകുമാർ മേനോൻ സിനിമ സംവിധാനം ചെയ്യുന്നത് കോഴിക്കോട് മുൻസിഫ് കോടതി താത്കാലികമായി തടഞ്ഞിട്ടുണ്ട്. മാത്രമല്ല, ശ്രീകുമാർ മേനോൻ അടക്കമുള്ളവർക്ക് നോട്ടീസ് അയയ്ക്കുവാനും കോടതി നിർദ്ദേശിച്ചിരുന്നു.
തിരക്കഥ ആരുടേതെന്നത് വിഷയമല്ലെന്നും മഹാഭാരതം എന്ന സിനിമ നിർമിക്കുക എന്ന തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നും വ്യവസായി ബി.ആർ.ഷെട്ടി വ്യക്തമാക്കി. ഒരു യഥാർഥ ഇന്ത്യക്കാരൻ എന്ന നിലയിൽ മഹാഭാരതം ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയെന്നത് തന്റെ കടമയാണെന്നാണ് നിർമാതാവിന്റെ ഭാഷ്യം.
1,000 കോടിയിലേറെ രൂപ മുതൽ മുടക്കിൽ നിർമിക്കുന്ന ചിത്രമാണിത്. ഇതിനെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകളും പൂർത്തിയായതാണ്. മലയാളം, ഹിന്ദി ഉൾപ്പടെ വ്യത്യസ്ത ഭാഷകളിൽ ഈ ചിത്രം നിർമിക്കുവാനാണ് തീരുമാനം. ഇക്കാര്യത്തിൽ ഒരു മാറ്റവുമില്ല. സിനിമ നിർമാണം തന്റെ മേഖലയല്ലെന്നും മറ്റൊരു ചിത്രവും താൻ നിർമിക്കില്ലെന്നും ബി.ആർ.ഷെട്ടി വ്യക്തമാക്കിയിട്ടുണ്ട്.