സന്തോഷ് പ്രിയൻ
കൊല്ലം: മഹാഭാരതകഥയിലെ ശക്തമായ പത്ത് കഥാപാത്രങ്ങളെ വർത്തമാനകാലഘട്ടത്തിലൂടെ അനുവാചകഹൃദയങ്ങളിലേക്ക് എത്തിക്കുകയാണ് സിപിഐ നേതാവും എംഎൽഎയും പ്രഭാഷകനുമായ മുല്ലക്കര രത്നാകരൻ.
മഹാഭാരതത്തിലെ സത്യവതി, ഭീഷ്മർ, ഗാന്ധാരി, കർണൻ, യുധിഷ്ഠിരൻ, ദുര്യോധനൻ, അർജുനൻ, പാഞ്ചാലി, ശ്രീകൃഷ്ണൻ, ഹിഡുംബി എന്നിവരെ കേന്ദ്രീകരിച്ചാണ് മുല്ലക്കര മഹാഭാരതത്തിലൂടെ എന്ന പുസ്തകം രചിച്ചത്.
ഈശ്വരന്മാർ ഭൂമിയിൽ ഇറങ്ങി നടക്കുകയും ദിവ്യാത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന കാലത്തല്ല മുല്ലക്കരയുടെ കഥാപാത്രങ്ങൾ ജീവിക്കുന്നതെന്ന് ആമുഖത്തിൽ തന്നെ കവയിത്രി സുഗതകുമാരി പറയുന്നുണ്ട്. വെറും പച്ചമനുഷ്യരായി നമുക്കനുഭവപ്പെടുന്ന വ്യക്തികളെ നമ്മോടൊപ്പം നടക്കുന്നവരായി കാട്ടിത്തരികയാണിവിടെ എഴുത്തുകാരൻ ചെയ്യുന്നത്.
അസൂയയും അധികാരക്കൊതിയും പ്രണയവും സ്നേഹവും പകയും ഒക്കെ ഈ കഥാപാത്രങ്ങളെ ഇന്നത്തെ കാലത്തിലെ കണ്ണാടിയിലൂടെ വായനക്കാരന് കാട്ടിത്തരാൻ എഴുത്തുകാരൻ ശ്രമിക്കുന്നു.
പുരാണകാലത്തിലെ ഭൂപ്രകൃതിയ്ക്കും ജീവിത സാഹചര്യങ്ങൾക്കും അനുയോജ്യമാംവിധം സൃഷ്ടിച്ചെടുത്ത മനുഷ്യരെ ഒരു സാധാരണ വായനക്കാരന്റെ കാഴ്ചപ്പാടിൽ സമകാലിക ജീവിത വ്യവസ്ഥകളിലൂടെ നോക്കിക്കാണാനും വ്യാഖ്യാനിക്കാനുമാണ് ശ്രമിച്ചിട്ടുള്ളതെന്ന് എഴുത്തുകാരൻ പുസ്തകത്തിൽ പറയുന്നു.
2018ൽ നവംബർ 11 മുതൽ 17വരെ ഏഴുദിവസങ്ങളിലായി മഹാഭാരതത്തിലെ സത്യവതി, ഭീഷ്മർ, കർണൻ, യുധിഷ്ഠിരൻ, പാഞ്ചാലി, ശ്രീകൃഷ്ണൻ, ഹിഡുംബി എന്നീ കഥാപാത്രങ്ങളെ തിരുവനന്തപുരത്തെ സുര്യയുടെ തീയേറ്ററായ ഗണേശത്തിൽ പ്രഭാഷണമായി അവതരിപ്പിച്ചിരുന്നു. ശ്രോതാക്കളായ ചില സുഹൃത്തുക്കളുടെ അഭ്യർഥനപ്രകാരം പിന്നീട് ദുര്യോധനൻ, ഗാന്ധാരി, അർജുനൻ എന്നീ കഥാപാത്രങ്ങളെ മറ്റൊരു സ്ഥലത്തും അവതരിപ്പിച്ചു. ഈ പത്ത് പ്രഭാഷണങ്ങൾ ഓരോന്നും ഒരു വാരികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോതുടർന്ന് പലരും നിരന്തരം ആവശ്യം ഉന്നയിച്ചതോടെയാണ് പുസ്തകമെന്ന നിലയിൽ ഇപ്പോൾ പുറത്തിറങ്ങിയതെന്നും മുല്ലക്കര രത്നാകരൻ പറയുന്നു.
കഴിഞ്ഞ് അഞ്ചിന് തിരുവനന്തപുരത്തെ ഗണേശത്തിലാണ് സങ്കീർത്തനം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകം പ്രകാശനം ചെയ്തത്. അടൂർ ഗോപാലകൃഷ്ണൻ സൂര്യകൃഷ്ണമൂർത്തിക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പെരുന്പടവം ശ്രീധരൻ, മുല്ലക്കര രത്നാകരൻ, ആശ്രാമം ഭാസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.