മേജര്‍ രവി സംവിധാനം ചെയ്യുന്ന പട്ടാളച്ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മേജര്‍ മഹാദേവന്റെ യൂണിഫോമിലുള്ള ചിത്രം പുറത്തു വന്നു. മോഹന്‍ലാല്‍ പട്ടാളവേഷത്തില്‍ മേജര്‍ രവിയോടൊപ്പം നില്‍ക്കുന്നതാണ് ചിത്രത്തിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
1971ല്‍ നടന്ന ഇന്ത്യാ–പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. യുദ്ധരംഗത്തുള്ള സൈനികരുടെ മാനസികാവസ്ഥയാണ് ചിത്രത്തിന്റെ പ്രമേയം. മേജര്‍ മഹാദേവനായും മകന്‍ മേജര്‍ സഹദേവനായും ഡബിള്‍ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മേജര്‍ മഹാദേവന്റെ രണ്ട് ഗെറ്റപ്പുകളും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ രാജസ്ഥാനിലെ സൂററ്റ്ഗഡില്‍ ചിത്രീകരിച്ചു കഴിഞ്ഞു. പാലക്കാടും ഉഗാണ്ടയുമാണ് മറ്റ് ലൊക്കേഷനുകള്‍.
മാര്‍ച്ച് 27ന് ചിത്രം തിയറ്ററുകളിലെത്തും. റെഡ് റോസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് നിര്‍മാണം. തെലുങ്ക് താരം അല്ലു സിരിഷ്, അരുണോദയ് സിംഗ്, പ്രിയങ്കാ ചൗധരി, സമുദ്രക്കനി, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. സുജിത് വാസുദേവാണ് ഛായാഗ്രഹണം.