കൊല്ലം: സിനിമാ സീരിയൽ നടി മഹാലക്ഷ്മിയെ കേരള സർവകലാശാല കലോത്സവത്തിലെ കലാതിലകത്തിൽനിന്നും മാറ്റി. പകരം മാർ ഇവാനിയോസ് കോളജിലെ രേഷ്മയെ കലാതിലകമായി പ്രഖ്യാപിച്ചു. അപ്പീൽ കമ്മിറ്റിയുടെതാണ് തീരുമാനം.
കലോത്സവത്തിൽ സീരിയൽ നടിക്കായി മത്സരഫലം അട്ടിമറിച്ചതായി പരാതി വന്നതിനെ തുടർന്നാണ് നടപടി. മഹാലക്ഷ്മിയെ കലാതിലകമാക്കാൻ വിധികർത്താക്കൾ അനർഹമായി മാർക്ക് നൽകിയെന്നാണ് മറ്റ് മത്സരാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നത്. ആദ്യം ഫലം പ്രഖ്യാപിക്കുമ്പോൾ കുച്ചിപ്പുടിയിൽ ക്രൈസ്റ്റ് നഗർ കോളജിലെ ദിവ്യയായിരുന്നു ഒന്നാം സ്ഥാനത്ത്.
പക്ഷേ പിന്നീട് അപ്പീൽ മുഖേനെ മഹാലക്ഷ്മി ഒന്നാ സ്ഥാനത്ത് എത്തുകയും ദിവ്യ ലിസ്റ്റിൽ നിന്നുതന്നെ പുറത്താവുകയും ചെയ്തു.
കഥാപ്രസംഗ മത്സരത്തിലും ഇത്തരത്തിൽ സംഭവിച്ചു. ആദ്യം ഒന്നാം സ്ഥാനം നേടിയ മെറിൽ പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും നടി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തെന്ന് മറ്റ് മത്സരാർത്ഥികൾ പറയുന്നു.