കൊച്ചി: കേരള സർവകലാശാല കലോത്സവ വിവാദത്തിൽ കേരള സർവകലാശാലയ്ക്ക് ഹൈക്കോടതി നോട്ടീസ്. വിഷയത്തിൽ വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. കലാതിലക പട്ടം നഷ്ടപ്പെട്ട കേരള സർവകലാശാല വിദ്യാർഥിനിയും നടിയുമായ മഹാലക്ഷ്മി നൽകിയ ഹർജിയിലാണ് നടപടി.
കേരള സർവകലാശാല കലോത്സവത്തിൽ അവസാന ദിവസമാണ് മത്സരഫലത്തെ ചൊല്ലി വിവാദം ഉടലെടുത്തത്. മാർ ഇവാനിയോസ് കോളജിലെ വിദ്യാർഥിനിയും നടിയുമായ മഹാലക്ഷ്മിക്കു കലാതിലക പട്ടം ലഭിക്കാൻ വേണ്ടി മത്സരഫലം തിരുത്തിയെന്നായിരുന്നു മറ്റു വിദ്യാർഥികളുടെ ആരോപണം.
മഹാലക്ഷ്മിയെ കലാതിലകമാക്കാൻ വിധികർത്താക്കൾ അനർഹമായി മാർക്ക് നൽകിയെന്നാരോപിച്ച് മറ്റ് വിദ്യാർഥികൾ പരാതി നൽകിയിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ കലോത്സവത്തിലെ കലാതിലക പട്ടത്തിൽ ജൂറി തിരുത്തൽവരുത്തി. മഹാലക്ഷ്മിക്കുപകരം മാർ ഇവാനിയോസിലെ തന്നെ രേഷ്മയെയാണ് പിന്നീടു കലാതിലകമായി തെരഞ്ഞെടുത്തത്.