നിലന്പൂർ: നുറ്റാണ്ടു പഴക്കമുള്ള നാടുകാണി ചുരത്തിലെ മഖാം ജാറം വീണ്ടും തകർത്തു. അന്തർസംസ്ഥാന പാതയായ കഐൻജി റോഡരികിലെ മുഹമ്മദ് സ്വാലിഹ് മഖാം ജാറമാണ് വെള്ളിയാഴ്ച രാവിലെ തകർത്ത നിലയിൽ കാണപ്പെട്ടത്. ഒരു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് ജാറം തകർക്കുന്നത്. ഈ മാസം ആറിനും 19 നും ജാറം തകർക്കാൻ ശ്രമം നടന്നിരുന്നു.
ഇപ്പോൾ 65 ശതമാനം തകർത്ത ജാറത്തിനു മുകളിൽ തെങ്ങ്, വാഴ തൈകൾ നട്ട നിലയിലാണ്. ജാറത്തിനു ചുറ്റും മുളകുപൊടി വിതറിയിട്ടുണ്ട്. ഇവിടെ കെട്ടിതൂക്കിയ കുപ്പിയുടെ അകത്തു വെള്ള പേപ്പറിൽ എഴുതിയ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിലെഴുതിയ വാചകങ്ങൾ പൂർണമായും പോലീസ് പുറത്തു വിട്ടിട്ടില്ല.
ജാറത്തെ അറബിക്കടലിൽ താഴ്ത്തും എന്നടക്കമുള്ള നേർച്ചപ്പെട്ടി കേടുവരുത്തിയിട്ടില്ല. വിവരമറിഞ്ഞു ഡിവൈഎസ്പിമാരായ എം.പി. മോഹനചന്ദ്രൻ, ഉല്ലാസ്കുമാർ, എടക്കര സിഐ പി.അബ്ദുൾ ബഷീർ, വഴിക്കടവ് എസ്ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറത്ത് നിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി.
ഈ മാസം ആറിനും 19നും സമാന രീതിയിലാണ് ജാറത്തിനു കേടുപാടുകൾ വരുത്തിയിരുന്നത്. ഇവിടെയുണ്ടായിരുന്ന സംഭാവനപ്പെട്ടിയിൽ നിന്നും നേർച്ചപെട്ടിയിൽ നിന്നും പകുതിപണം അപഹരിച്ചിരുന്നു. അന്നും മുളകുപൊടി വിതറിയിരുന്നു. ആനമറിയിലെ ഇർഷാദുൽ മുസ്ലിമീൻ സംഘമാണ് ജാറത്തിന്റെ പരിപാലനം പത്തുവർഷമായി നടത്തിവരുന്നത്. 2009 ഏപ്രിൽ എട്ടിനും ജാറം പൊളിക്കാൻ ശ്രമം നടന്നിരുന്നു.
ജാറം പൊളിക്കുന്നതിനിടെ വണ്ടൂർ സ്വദേശികളായ നാലു പേർ കൈയോടെ വഴിക്കടവ് പോലീസിന്റെ പിടിയിലായിരുന്നു. ഈ കേസ് ഇപ്പോഴും നടന്നുവരികയാണ്. ആനമറിയിലെ ചങ്ങരായി കുടുംബമായിരുന്നു അന്ന് ജാറം പരിപാലിച്ചു പോന്നിരുന്നത്. ഈ സംഭവത്തിനു ശേഷമാണ് ഇർഷാദുൽ മുസ്ലിമീൻ സംഘം പരിപാലനം ഏറ്റെടുത്തത്.
തകർക്കപ്പെട്ട നാടുകാണി ചുരത്തിലെ മുഹമ്മദ് സ്വാലിഹ് മഖാം ജാറം പി.വി അൻവർ എംഎൽഎ സന്ദർശിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് അദ്ദേഹം സ്ഥലത്തെത്തിയത്. ജാറം തകർത്തവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടർച്ചയായി ജാറം തകർക്കാനുള്ള ശ്രമമാണ് നടന്നത്. കുറ്റവാളികളാരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.