ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആശുപത്രി കിടക്കകൾക്കും ശ്മശാന ങ്ങൾക്കും ക്ഷാമമെന്ന് റിപ്പോർട്ടുകൾ.
രോഗികളുമായി എത്തുന്ന ആംബുലൻസുകൾ ആശുപത്രികൾക്കു പുറത്ത് നീണ്ട നിരയായി കിടക്കുന്നതും, മറുവശത്ത് മൃതദേഹങ്ങൾ അടക്കം ചെയ്യാൻ സ്ഥലമില്ലാതെ ബന്ധുക്കൾ നരകിക്കുന്നതും വാർത്തയാവുകയാണ്.
ആശുപത്രികളിൽ രോഗികളുടെ ബന്ധുക്കൾ കിടക്കകൾക്കുവേണ്ടി കലഹിക്കുന്നതായും ചിലയിടങ്ങളിൽ തെരുവുകളിൽപോലും രോഗികൾക്ക് ഓക്സിജൻ നൽകുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
ഗുജറാത്തിലെ സൂററ്റിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ സൗകര്യമില്ലാതെ ബന്ധുക്കൾ വലയുകയാണ്.
ദഹിപ്പിക്കാനുള്ള ലോഹക്കൂടുകൾ ദിവസം മുഴുവൻ ഉപയോഗിച്ച് ഉരുകിപ്പോകുന്ന സ്ഥിതിയാണ്. ഡൽഹിയിലും സംസ്കാരച്ചടങ്ങുകൾ പ്രതിസന്ധിയിലായി.
ദഹിപ്പിക്കാൻ സൗകര്യമുള്ള ഏറ്റവും വലിയ പൊതു ശ്മശാനമായ നിഗംബോധ് ഘട്ടിൽ പ്രതിദിന സംസ്കാരങ്ങളുടെ എണ്ണം കുതിച്ചുയർന്നതോടെ ആവശ്യത്തിനുള്ള സാമഗ്രികൾ കിട്ടാതായി.
ഐടിഒയ്ക്കു സമീപമുള്ള ഏറ്റവും വലിയ ശ്മശാനത്തിൽ മണ്ണുമാന്തിയന്ത്രം നിരന്തരം കുഴിയെടുക്കുകയാണ്. എന്നാൽ ഇവിടെ സ്ഥലം ഇല്ലാതായ സ്ഥിതിയാണ് ഇപ്പോൾ.