നിയാസ് മുസ്തഫ
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ശിവസേന സജീവമാക്കി. ആദ്യ പടിയായി എൻഡിഎ ബന്ധം ശിവസേന അവസാനിപ്പിക്കുന്നു. ബിജെപിയുമായി അകന്നതോടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കണമെങ്കിൽ എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണ ശിവസേനയ്ക്ക് വേണം. എൻഡിഎ ബന്ധം അവസാനിപ്പിച്ചാൽ മാത്രം പിന്തുണ നൽകുന്ന കാര്യം ആലോചിച്ചാൽ മതിയെന്ന് എൻസിപിയും കോൺഗ്രസും നിലപാട് സ്വീകരിച്ചതോടെയാണ് എൻഡിഎ ബന്ധം അവസാനിപ്പിക്കാൻ ശിവസേന തീരുമാനിച്ചത്.
കേന്ദ്രത്തിൽ 23 എംപിമാരാണ് ശിവസേനയ്ക്കുള്ളത്. ശിവസേനയുടെ കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജി പ്രഖ്യാപിച്ചിട്ടുണ്ട്.ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയേയാണ് ഗവർണർ ഭഗത് സിംഗ് കോഷിയാരി സർക്കാരുണ്ടാക്കാൻ ആദ്യം ക്ഷണിച്ചത്. പക്ഷേ ശിവസേന ഇടഞ്ഞുനിൽക്കുന്നതിനാൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിൽനിന്ന് ബിജെപി പിന്മാറി. രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ ശിവസേനയെ ഇപ്പോൾ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിരിക്കുകയാണ്. ഇന്നു രാത്രി ഏഴരയ്ക്കു മുന്പായി ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതോടെ തിരക്കിട്ട ചർച്ചകളാണ് മുംബൈ, ന്യൂഡൽഹി കേന്ദ്രീകരിച്ച് നടക്കുന്നത്. ശിവസേനക്ക്-56, എൻസിപിക്ക്-54, കോൺഗ്രസിന്-44 എംഎൽഎമാരാണുള്ളത്. ഇവർ മൂന്നും ചേർന്നാൽ ശിവസേനയ്ക്ക് നിഷ്പ്രയാസം സർക്കാരുണ്ടാക്കാം. എൻഡിഎ ബന്ധം അവസാനിപ്പിച്ചതോടെ എൻസിപി ശിവസേനയോടൊപ്പം സർക്കാരിൽ ഭാഗമായേക്കും. പക്ഷേ സർക്കാരിൽ കോൺഗ്രസ് ഭാഗമാകുമോയെന്ന് കണ്ടറിയണം. പുറമേ നിന്ന് പിന്തുണ നൽകുക എന്ന നയമായിരിക്കും കോൺഗ്രസ് സ്വീകരിക്കുക.
ശിവസേനയുമായി ചേരുന്നത് കോൺഗ്രസിന് ദോഷം ചെയ്യുമെന്ന നിലപാട് പല കോൺഗ്രസ് നേതാക്കളും സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുറമേ നിന്ന് പിന്തുണയ്ക്കുക എന്ന നിലപാടിലേക്ക് കോൺഗ്രസ് എത്തിച്ചേരുമെന്നാണ് കരുതുന്നത്. കോൺഗ്രസ് കൂടി കയ്യൊഴിഞ്ഞാൽ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണിലേക്ക് പോകും. അതൊഴിവാക്കാൻ എൻസിപി നേതാവ് ശരത് പവാർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച നടത്തുകയാണ്.
ആശയപരമായി രണ്ടു ചേരിയിൽ നിൽക്കുന്ന ശിവസേനയുമായി കൂട്ടുകൂടിയാൽ അതിന്റെ ഫലം ഭാവിയിൽ എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്ക സോണിയ ഗാന്ധിക്കുമുണ്ട്. പക്ഷേ ശരത് പവാർ ശിവസേനയ്ക്കും കോൺഗ്രസിനുമിടയിൽ മധ്യസ്ഥ ചർച്ച നടത്തുന്നത് ശിവസേനയ്ക്ക് ഊർജം പകരുന്നു. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളും ഡൽഹിയിലുണ്ട് ഇപ്പോൾ.
ശിവസേനയിൽനിന്നൊരു മുഖ്യമന്ത്രി മഹാരാഷ്ട്രയിൽ വരുമെന്നാണ് അധ്യക്ഷൻ ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിരിക്കുന്നത്. എന്തു വില കൊടുത്തും അത് സാധിക്കുമെന്നു തന്നെയാണ് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രതികരണം. സംസ്ഥാനത്തെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് കോണ്ഗ്രസ് നേതാവ് അശോക് ചവാനും പറയുന്നു. സ്ഥിതിഗതികൾ വിശകലനം ചെയ്യാനും ഉചിതമായ തീരുമാനമെടുക്കാനും എഐസിസി നിരീ ക്ഷകരും സംസ്ഥാനത്തുണ്ട്. 288സീറ്റുകളുള്ള സഭയിൽ 145സീറ്റുകളാണ് കേവലഭൂരിപക്ഷം ലഭിക്കാൻ വേണ്ടത്. ബിജെപിക്ക് 105 സീറ്റാണ് ഉള്ളത്.