കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊള്ളപ്പലിശയ്ക്കു കോടികളുടെ പണമിടപാടു നടത്തിവന്ന സംഭവത്തിൽ കേരളത്തിലേക്കു പലിശയ്ക്കു പണം ഒഴുക്കിയ മഹാരാജ ഒളിവിൽ പോയതോടെ ചെന്നൈയിലെത്തിയ പോലീസ് സംഘം തിരികെ മടങ്ങി. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടിഡി അസോസിയേറ്റ്സ് ഉടമ മഹാരാജയെ പിടികൂടുന്നതിനായിട്ടാണ് പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞയാഴ്ച ചെന്നൈയിലെത്തിയത്.
ഇവിടെ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മഹാരാജ സ്ഥലത്തുനിന്നും മുങ്ങിയതായി കണ്ടെത്തിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ഇയാളെ പിടികൂടുന്നതിനായി പോലീസ് ശ്രമം നടത്തിയെങ്കിലും മഹാരാജയെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണു പോലീസ് സംഘം മടങ്ങിയത്.
അതേസമയം, പ്രതി തമിഴ്നാട് വിട്ടുപോയതായി കരുതുന്നില്ലെന്നു അധികൃതർ പറഞ്ഞു. തമിഴ്നാട്ടിൽ എവിടെയെങ്കിലും ഒളിവിൽ കഴിഞ്ഞുവരികയായിരിക്കുമെന്നും ഇയാൾക്കായി മറ്റ് രീതികളിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. കേസിൽ ഇടനിലക്കാരൻ ഉൾപ്പെടെ നാലുപേരെയാണു ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പള്ളുരുത്തി എംഎൽഎ റോഡിലുള്ള ലേക്ക് വ്യൂ റിസോർട്ട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നതുമായ തമിഴ്നാട് തഞ്ചാവൂർ പാപനാസം സ്വദേശി ഡി. രാജ്കുമാർ (30), ചെന്നൈ സ്വദേശി അരശു (34), കുന്പകോണം സ്വദേശി ഇസക്കി മുത്തു (22) ഇടനിലക്കാരനായി പ്രവർത്തിച്ചുവന്നിരുന്ന ഏറ്റുമാനൂർ സ്വദേശി ബാബു എന്നിവരാണു പിടിയിലായിരുന്നത്.
ഇവരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മഹാരാജയെത്തേടി പോലീസ് ചെന്നൈയിലേക്കു തിരിച്ചത്. പോലീസ് നടത്തിയ പരിശോധനകളിൽ തമിഴ്നാട്ടിൽ മഹാരാജയ്ക്കു കൂടുതൽ ഇടപാടുകൾ ഒന്നുംതന്നെയില്ലെന്നു കണ്ടെത്തിയിരുന്നു. കൂടുതലായും കേരളത്തിലേക്കാണു ഇയാൾ പണം ഒഴുക്കിയിരുന്നത്.
കൂടാതെ, പിടിയിലായവരുമായി മഹാരാജ നേരിട്ട് സംസാരിച്ചിരുന്നുമില്ല. വാട്സ് ആപ്പ്, ഫേയ്സ്ബുക്ക് എന്നിവ വഴിയാണു പ്രതികളുമായി ബന്ധപ്പെട്ടിരുന്നത്. പിടിയിലായ സംഘത്തിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില ബാങ്ക് അക്കൗണ്ടുകൾ പോലീസ് പരിശോധിച്ചെങ്കിലും ഇതിലും മഹാരാജയുടെ പേരിൽ അക്കൗണ്ട് കണ്ടെത്താനായിരുന്നില്ല.
കൂടുതൽ അന്വേഷണത്തിൽ ഇയാളെ കുടുക്കുന്നതിനായുള്ള തെളിവുകൾ ലഭിച്ച സാഹചര്യത്തിലായിരുന്നു പോലീസ് സംഘം തമിഴ്നാട്ടിലേക്കു തിരിച്ചത്. എന്നാൽ, പോലീസ് അന്വേഷിക്കുന്നതായ വിവരം അറിഞ്ഞ മഹാരാജ ചെന്നൈയിൽനിന്നു മുങ്ങുകയായിരുന്നു.