ഓടുന്ന ട്രെയിനില്‍ വിവാഹം കഴിക്കുക. എത്ര നല്ല നടക്കാത്ത സ്വപ്നം എന്നാണോ ചിന്തിക്കുന്നത്. എന്നാല്‍ അതും സംഭവിക്കാന്‍ പോകുന്നു. ഇന്ത്യന്‍ റെയില്‍വേ ട്രെയിനുള്ളില്വച്ചു വിവാഹജീവിതത്തിലേക്കു പ്രവേശിക്കാന്‍ അവസരമൊരുക്കുന്നു. റെയില്‍വേയുടെ ആഡംബര ട്രെയിനായ മഹാരാജാസ് എക്സ്പ്രസിലാണ് വെഡിംഗ് ഓണ്‍ വീല്‍സിന് റെയില്‍വേ സംവിധാനം ഒരുക്കുന്നത്. എന്നാല്‍, സാധാരണക്കാര്‍ക്കൊന്നും ഇത്തരം കല്യാണം കഴിക്കാമെന്നു വിചാരിക്കേണ്ട. അഞ്ചരക്കോടി രൂപയായിരിക്കും ട്രെയിനുള്ളിലെ കല്യാണത്തിന് ചെലവു വരിക!
വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബസമേതം പോകാമെന്ന ചിന്തയും വേണ്ട. എണ്‍പത്തിയെട്ടു പേര്‍ക്കു മാത്രമാണ് വിവാഹത്തിലും അനുബന്ധയാത്രയിലും പങ്കെടുക്കാന്‍ സാധിക്കുക. വിവാഹത്തലേന്ന് യാത്ര ആരംഭിക്കും. എട്ടാം ദിവസം രാവിലെ യാത്ര അവസാനിപ്പിക്കും. മുംബൈയില്‍നിന്നു ദില്ലിയിലേക്കാണു വിവാഹയാത്രയെങ്കില് അജന്ത, ഉദയ്പൂര്‍, ജോധ്പൂര്‍, ബികാനീര്‍, ജയ്പൂര്‍, രന്ഥാംബോര്, ആഗ്ര എന്നിവിടങ്ങളിലൂടെയായിരിക്കും മഹാരാജാസ് എക്സ്പ്രസ് സഞ്ചരിക്കുക. ഹെറിട്ടേജ് ഓഫ് ഇന്ത്യ എന്നാണ് ഈ ടൂറിന്റെ പേര്. ഇന്ത്യന്‍ പനോരമ എന്നു പേരിട്ടിരിക്കുന്ന യാത്ര ദില്ലിയില്‍നിന്ന് ആരംഭിച്ച് ജയ്പൂര്‍, ആഗ്ര, ഗ്വാളിയര്‍, ഖജുരാഹോ, വാരാണസി വഴി ലക്നോയില്‍ അവസാനിക്കും. ആവശ്യാനുസരണമുള്ള ഭക്ഷണവും റെയില്‍വേ നല്‍കും.
ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുള്ള മഹാരാജ എക്സ്പ്രസില്‍ ഇരുപത്തിനാലു കോച്ചുകളാണുള്ളത്. 43 ഗസ്റ്റ് കാബിനുകള്‍, 20 ഡീലക്സ് കാബിനുകള്‍, 18 ജൂനിയര്‍ സ്യൂട്ടുകള്‍, നാലു സ്യൂട്ടുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് എന്നിവയാണു മഹാരാജാസ് എക്സ്പ്രസിലുള്ളത്. സിനിമാ ചിത്രീകരണം, ഫാഷന്‍ ഷോകള്‍ എന്നിവയ്ക്കായി മഹാരാജാസ് എക്സ്പ്രസ് വിട്ടുകൊടക്കുന്നതിനെക്കുറിച്ചും റെയില്‍വേ ആലോചിക്കുന്നുണ്ട്. അപ്പോള്‍ കൈയ്യില്‍ പണമുണ്ടെങ്കില്‍ നല്ലൊരു ട്രെയിന്‍ കല്യാണത്തിനു തയ്യാറെടുത്തോളൂ.