കൊച്ചി: കോടികളുടെ പലിശ ഇടപാട് കേസിൽ മഹാരാജ മഹാദേവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തെ ജാമ്യത്തിനുശേഷം പത്ത് ദിവസത്തേക്കാണ് തോപ്പുംപടി മജിസ്ട്രേറ്റ് കോടതി മഹാരാജിനെ കസ്റ്റഡിയിൽ വിട്ടത്.
മഹാരാജിനെ കസ്റ്റഡയിൽ വിട്ടശേഷം ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടെങ്കിലും കോടതി കേൾക്കാൻ തയാറായില്ല. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്പോൾ വിശദമായ വാദം കേൾക്കാൻ ആവില്ലെന്ന് മജിസ്ട്രേറ്റ് വ്യക്തമാക്കി. ഇതോടെ നാടകീയ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. കോടതിക്കുള്ളിൽ പരസ്യമായി പ്രോസിക്യൂട്ടർ പ്രതിഷേധിച്ചു. ഇതോടെ മജിസ്ട്രേറ്റ് കോടതി നടപടികൾ നിർത്തിവച്ചു ഇറങ്ങിപ്പോയി.
മഹാരാജ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണുചെന്നൈയിലെ വിതുരംപാക്കത്തുനിന്നു പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മഹാരാജയെ പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ കോഴിക്കോട്ട് എത്തിച്ച ഇയാളെ രാവിലെയോടെയാണ് റോഡ് മാർഗം കൊച്ചിയിലെത്തിച്ചത്.
കഴിഞ്ഞ ജൂലൈയിൽ കേരള പോലീസ് മഹാരാജയെ തമിഴ്നാട്ടിൽനിന്നു അറസ്റ്റ് ചെയ്തിരുന്നെങ്കിലും കേരളത്തിലേക്കു മടങ്ങുന്നവഴി കോയന്പത്തൂരിൽവച്ച് മഹാരാജയുടെ അനുയായികളെത്തി പോലീസ് വാഹനം തടഞ്ഞ് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
പള്ളുരുത്തി സ്വദേശി ഫിലിപ്പിന്റെ പരാതിയിലാണ് മഹാരാജയെ പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ ആഡംബര കാർ പണയം വച്ച് ഫിലിപ്പ് 45 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈതുക തിരികെ നൽകിയിട്ടും കാർ വിട്ടുകൊടുക്കാൻ തയാറായില്ല. വൻ പലിശയും ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് പള്ളുരുത്തി പോലീസിൽ കേസ് നൽകിയത്.