കൊച്ചി: കോടികളുടെ പലിശ ഇടപാട് കേസിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശി മഹാരാജ മഹാദേവനെ അന്വേഷണ സംഘം വിശദമായ ചോദ്യം ചെയ്യൽ ആരംഭിച്ചു. അന്വേഷണ ചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണർ നേരിട്ടെത്തിയാണ് ചോദ്യം ചെയ്യുന്നത്.
സംസ്ഥാനത്ത് നടത്തിയ 500 കോടിയുടെ പലിശ ഇടപാടിൽ കൂടുതൽ ഇടപാടുകാരുണ്ടോ, ആരെല്ലാമായാണ് ഇടപാട് നടത്തിയത് തുടങ്ങിയ കാര്യങ്ങളാണ് അന്വേണ സംഘം ചോദിച്ചറിയുന്നത്. പത്ത് ദിവസത്തേക്കാണ് കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നതെങ്കിലും ചോദ്യം ചെയ്യലിനോട് മഹാരാജൻ സഹകരിക്കുന്നതിന് അനുസരിച്ച് സമയം നീണ്ടുപോയേക്കും.
ഇയാളിൽ നിന്നും കൂടുതൽ മൊഴികൾ ലഭിക്കുന്ന മുറയ്ക്ക് തമിഴ്നാട്ടിലടക്കം എത്തിച്ച് തെളിവെടുക്കും.
തമിഴ്നാട്ടിലെ വിരുതന്പാക്കത്തെ വീട്ടിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചി സിറ്റി പോലീസ് അതിസാഹസികമായി പിടികൂടിയ മഹാരാജനെ കോടതിയിൽ ഹജരാക്കിയപ്പോൾ തന്നെ മജിസ്ട്രേറ്റ് ഒരു ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു.
ജാമ്യസമയം കഴിഞ്ഞു കോടതിയിൽ ഹാജരായപ്പോഴാണ് ഇയാളെ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടാൻ തോപ്പുംപ്പടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്. 500 കോടി രൂപയുടെ സാന്പത്തിക തട്ടിപ്പ് കേസിന് പുറമെ പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതടക്കമുള്ള കേസുകളും മഹാരാജനെതിരേ ചുമത്തിയിട്ടുണ്ട്.