കൊച്ചി: ആഡംബരത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും നവ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന മഹാരാജാസ് എക്സ്പ്രസ് ട്രെയിന്‍ ഇനി കേരളത്തിലേക്കും. ഇന്ത്യന്‍ റെയില്‍വേയുടെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പറേഷന് (ഐആര്‍സിടിസി) സതേണ്‍ ജ്യുവല്‍സ് എന്ന പേരിലാണ് ആഡംബര ട്രെയിനായ മഹാരാജാസ് എക്സ്പ്രസ് ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിക്കുന്നത്.
ചരിത്രപ്രാധാന്യമുള്ളതും സഞ്ചാരികള്‍ക്കു പ്രിയങ്കരവുമായ ടൂറിസ്റ്റു കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി എട്ടു പകലുകളും ഏഴു രാത്രികളും നീളുന്ന സമ്പൂര്‍ണ പാക്കേജാണു മഹാരാജാസ് സര്‍വീസിന്റെ പ്രത്യേകത. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പാക്കേജ് മുഖ്യമായും വിദേശസഞ്ചാരികള്ക്കുവേണ്ടി മാത്രമായിരുന്നു വടക്കേ ഇന്ത്യയില്‍ സര്‍വീസ് നടത്തിയിരുന്നത്.
ദക്ഷിണേന്ത്യയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മഹാരാജാസ് എക്സ്പ്രസ് ഒരുപോലെ ആസ്വദിക്കാനാകുമെന്ന് ഐആര്‍സിടിസി സൗത്ത് സോണ്‍ ജിജിഎം എസ്.എസ്. ജഗന്നാഥന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജൂണ്‍ 24നു മുംബൈയിൽനിന്നാണു മഹാരാജാസ് എക്സ്പ്രസ് കേരളത്തിലേക്കുള്ള ആദ്യയാത്ര ആരംഭിക്കുന്നത്. മുംബൈയില്‍നിന്നു ഗോവ- ഹംപി – മൈസൂരു വഴി എറണാകുളത്തെത്തും.
പിന്നിടുന്ന വഴികളിലെ ഇന്ത്യന്‍ സംസ്കാരവും പൈതൃകവും ഗോവ പോലുള്ള ടൂറിസം കേന്ദ്രങ്ങളും സന്ദര്‍ശിച്ച് 29ന് ഉച്ചയോടെ മാത്രമേ ട്രെയിന്‍ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തൂ. തുടര്‍ന്നു ഫോര്‍ട്ടുകൊച്ചിയും മട്ടാഞ്ചേരിയും സന്ദര്‍ശിച്ചു കലാസന്ധ്യയും ആസ്വദിച്ചു പിറ്റേന്നു രാവിലെ ആലപ്പുഴയിലേക്കു തിരിച്ചു തിരുവനന്തപുരത്തു യാത്ര അവസാനിപ്പിക്കും.
ജൂലൈ ഒന്നിനു തിരുവന്തപുരത്തുനിന്നുള്ള സര്‍വീസ് ആരംഭിക്കും. ചെട്ടിനാട്- മഹാബലിപുരം- മൈസൂരു- ഹംപി- ഗോവ വഴി മുംബൈയില്‍ ജൂലൈ എട്ടിനു യാത്ര അവസാനിപ്പിക്കും. മഹാരാജാസ് ട്രെയിനിന്റെ ദക്ഷിണേന്ത്യയിലെ പ്രഥമയാത്രയ്ക്കു നിരവധി സൗജന്യങ്ങളും ഐആര്‍സിടിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒരാളുടെ ടിക്കറ്റ് നിരക്കില്‍ രണ്ടു പേര്‍ക്കു യാത്ര ചെയ്യാനാകും.
23 കോച്ചുകളില്‍ 83 യാത്രക്കാര്‍ക്കുള്ള സൗകര്യമാണു ട്രെയിനിലുള്ളത്. ഡീലക്സ് കാബിനില്‍ തുടങ്ങി പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് വരെയുണ്ട്. രണ്ടു പേര്‍ക്ക് 5,00,680 രൂപ മുതല്‍ 17,33,410 രൂപ വരെ വിവിധ നിരക്കുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആഭ്യന്തര യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനായി ഭാഗിക യാത്രയും ഐആര്‍സിടിസി അവതരിപ്പിച്ചിട്ടുണ്ട്. ഒരു രാത്രിയും പകലും നീളുന്ന ഒരുദിവസത്തെ ചാർജ് 36,243 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും www.the-maharajas. com, www.irctctourism.com എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം.
സാം ജോസഫ്, ശ്രീകുമാര്‍ സദാനന്ദന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.