കൊച്ചി: രാജ്യം സ്വാതന്ത്ര്യത്തിന്റെ പുതുപുലരിയിലേക്കുണർന്ന 1947 ഓഗസ്റ്റ് 15ന്റെ ഓർമകൾ വിശ്രമിക്കുന്ന ‘രാജകീയ കലാലയം’ കൊച്ചിയിലുണ്ട്. സ്വാതന്ത്ര്യദിനത്തിൽ ഉയർത്തേണ്ട പതാക സംബന്ധിച്ച തർക്കവും കലഹവും കൂടിയായിരുന്നു എറണാകുളം മഹാരാജാസ് കോളജിന് ഈ ദിനത്തിന്റെ സ്മൃതികളിലുള്ളത്.
സ്വാതന്ത്ര്യം കിട്ടിയ നാളിൽ കോളജിൽ മൂവര്‍ണപതാക ഉയർത്തണമെന്നതിൽ ആർക്കും തർക്കമുണ്ടായിരുന്നില്ല. എന്നാൽ, അതിനൊപ്പം കൊച്ചി മഹാരാജാവിന്റെ അധികാരചിഹ്നമായ പതാകകൂടി ഉയര്‍ത്തണമെന്ന ഒരു വിഭാഗത്തിന്റെ ആഹ്വാനം പ്രഥമ സ്വാതന്ത്ര്യദിനത്തെ സംഘർഷഭരിതമാക്കി.
പതാക ഉയർത്തലിനുള്ള ഒരുക്കങ്ങൾ നടന്ന 14നു രാത്രിയിൽത്തന്നെ തർക്കങ്ങളും സംഘർഷങ്ങളും ആരംഭിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ വിദ്യാര്‍ഥിവിഭാഗവും യാഥാസ്ഥിതിക വിഭാഗവും തമ്മിലായിരുന്നു തര്‍ക്കം.
മഹാരാജാവിന്റെ പതാക ഉയര്‍ത്തണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു യാഥാസ്ഥിതിക വിഭാഗത്തിന്. അതിനെതിരേ വിദ്യാര്‍ഥി കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ വിഷയം തമ്മിൽത്തല്ലിലേക്കു നീങ്ങി. സംഘർഷത്തിനിടെ തമ്മനം സ്വദേശി അരവിന്ദാക്ഷനു കുത്തേറ്റു. അങ്ങനെ മഹാരാജാസിലെ പ്രഥമ സ്വാതന്ത്ര്യദിനാഘോഷത്തിൽ ചോരപുരണ്ടു.
ഇരുവിഭാഗങ്ങളിലുമായി അടിപിടിയിലേർപ്പെട്ട 17 പേരെ കോളജില്‍നിന്നു പുറത്താക്കി. പിൽക്കാലത്തു പാർലമെന്റംഗമായ വി. വിശ്വനാഥമേനോനും പുറത്താക്കപ്പെട്ട വിദ്യാർഥി നേതാക്കളുടെ പട്ടികയിൽ ഉണ്ടായിരുന്നുവെന്നതും ചരിത്രം.
സിജോ പൈനാടത്ത്