കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനെ മര്‍ദിച്ച സംഭവത്തില്‍ അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും ഫ്രട്ടേണിറ്റി പ്രവര്‍ത്തകനുമായ മുഹമ്മദ് റാഷിദിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
സുഹൃത്തിനെ സസ്പന്‍ഡ് ചെയ്യാന്‍ ഇടയാക്കിയ സംഭവത്തിന് കാരണക്കാരന്‍ അറബിക് വകുപ്പിലെ വകുപ്പിലെ ഭിന്നശേഷിക്കാരനായ അധ്യാപകനും നിലമ്പൂര്‍ സ്വദേശിയുമായ ഡോ. കെ.എം. നിസാമുദ്ദീന്‍ ആണെന്ന് ആരോപിച്ചായിരുന്നു ഇ്ന്നലെ ഉച്ചയ്ക്ക് റാഷിദ് ഇദ്ദേഹത്തെ ആക്രമിച്ചത്.
കത്തിക്ക് സമാനമായ മൂര്‍ച്ചയുളള ആയുധംകാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ഇക്കാര്യം പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ തുനിഞ്ഞ അധ്യാപകനെ പിന്നാലെ ചെന്ന് ആയുധത്തിന്റെ പിന്‍ഭാഗം ഉപയോഗിച്ച് തലയ്ക്ക് പിന്നില്‍ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ആക്രമണത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട റാഷിദിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ നിസാമുദ്ദീന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. എറണാകുളം സെന്‍ട്രല്‍ പോലീസ് ആശുപത്രിയിലെത്തി നിസാമുദ്ദിന്റെ മൊഴിയെടുത്തു. വൈകിട്ടോടെ ഇയാള്‍ ആശുപത്രി വിട്ടു. അതിനിടെ മര്‍ദനമേറ്റ അധ്യാപകന് തല്ലിയെന്നും ഇസ്ലാമിസ്റ്റെന്നും വിളിച്ചെന്ന് ആരോപിച്ച് ഫ്രട്ടേണിറ്റി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന് പരാതി നല്കി.
കഴിഞ്ഞ 13ന് അറബിക് വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ഹൈദരാബാദിലേക്ക് പഠനയാത്ര നടത്തിയിരുന്നു. സംഘത്തിലെ രണ്ട് വിദ്യാര്‍ഥികളെ ഫ്രട്ടേണിറ്റി പ്രവര്‍ത്തകനും സഹപാഠിയുമായ ബിലാന് ഷംസുദ്ദീന് ട്രെയിനില്‍വച്ച് മര്‍ദിച്ചശേഷം ആലുവയില്‍ ഇറങ്ങിപോയത് സാക്ഷിയായ അധ്യാപിക ആഭ്യന്തര അന്വേഷണ സംഘത്തോട് തുറന്നുപറഞ്ഞിരുന്നു.
ഇതില്‍ ബിലാലിനെ കഴിഞ്ഞദിവസം പ്രന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ കാരണക്കാരന്‍ നിസാമുദ്ദിനാണെന്നാണ് ബിലാലിന്റെയും ഫ്രട്ടേണിറ്റിയുടെയും ആരോപണം. സസ്പെന്‍ഡ് ചെയ്യപ്പെട്ട ബിലാല്‍ കഴിഞ്ഞദിവസം കാമ്പസിലെത്തിയത് എസ്എഫ്ഐ ഫ്രട്ടേണിറ്റി സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ഇതില്‍ നടപടി സ്വീകരിക്കണമെന്ന് നിസാമുദ്ദീന്‍ അടക്കമുള്ള അധ്യാപകര്‍ പ്രിന്‍സിപ്പലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ ഇന്നലെ ഉച്ചയോടെ മുഹമ്മദ് റാഷിദ് നിസാമുദ്ദീനുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. ഇതോടെ കൈയില്‍ കരുതിയിരുന്ന കത്തിക്ക് സമാനമായ ആയുധം അധ്യാപകന്റെ തോളിലേക്കുവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഭയന്നുപോയ നിസാമുദ്ദീന്‍ വിവരം പ്രന്‍സിപ്പലിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഓഫീസിലേക്ക് നടക്കുന്നതിനിടെ പിന്നിലെ സുഹൃത്തിനൊപ്പം എത്തിയ മുഹമ്മദ് റാഷിദ് കൊല്ലുമെന്ന് ഭീഷണിമുഴക്കിയാണ് കടന്നുകളഞ്ഞത്.
സംഭവത്തില്‍ വിദ്യാര്‍ഥിക്കെതിരെ നടപടി ആവശ്യപ്പെട്ട് അധ്യാപകന് കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിട്ടുണ്ട്. ഇന്ന് പോലീസിലും പരാതി നല്‍കും. അതേസമയം കോളേജ് യൂണിയന് സ്റ്റാഫ് അഡ്വൈസര്‍ കൂടിയായ അധ്യാപകന് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് ഇന്ന് നടത്താനിരുന്ന ആര്‍ട്സ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് എല്ലാ പരിപാടികളും കോളജ് യൂണിയന് മാറ്റിവച്ചു.