കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് അധ്യാപക ഹോസ്റ്റലില്‍ നിന്നു മാരകായുധങ്ങള്‍ ഉള്‍പ്പടെയുള്ളവ പിടിച്ചെടുത്ത സംഭവത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി പോലീസ്. നിലവില്‍ ജില്ലയ്ക്കു പുറത്തു താമസമാക്കിയ രണ്ടു വിദ്യാര്‍ഥികളെയാണു ചോദ്യം ചെയ്തിട്ടുള്ളത്. സംഭവവുമായി അധ്യാപക ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് ബന്ധമുണ്ടോ എന്നതിനു തെളിവില്ലെന്ന് സെന്‍ട്രല്‍ എസ്ഐ ജോസഫ് സാജന് പറഞ്ഞു.
മറ്റു വിദ്യാര്‍ഥികളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. മുറിയില്‍ താമസിച്ചിരുന്ന ആറു വിദ്യാര്‍ഥികളോടും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് രണ്ടു പേര് ശനിയാഴ്ച്ച ചോദ്യം ചെയ്യലിനു ഹാജരായത്. ഇവരെ ചോദ്യം ചെയ്തതിലൂടെ സംഭവം സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
എന്നാല്‍, ഇവര്‍ക്കു സംഭവമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. വിദ്യാര്‍ഥികളെ മുഴുവന്‍പേരെയും ചോദ്യം ചെയ്തതാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും പോലീസ് വ്യക്തമാക്കി. അതേ സമയം വിദ്യാര്‍ഥികള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നും ആയുധങ്ങള്‍ മറ്റാരെങ്കിലും മുറിയില്‍ കൊണ്ടിട്ടതാണോ എന്ന രീതിയിലും പോലീസ് അന്വേഷണം നടത്തുന്നുവെന്നും സൂചനയുണ്ട്.
ആയുധങ്ങള്‍ കണ്ടെത്തിയ നിലയിലെ മുറികളില്‍ താമസിക്കുന്ന അധ്യാപകരില്‍നിന്നും നേരത്തേ പോലീസ് മൊഴിയെടുത്തിരുന്നു. മഹാരാജാസ് ഗ്രൗണ്ടിനടുത്തുള്ള എംസിആര്‍വി ഹോസ്റ്റലില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 19 വിദ്യാര്‍ഥികള്‍ക്കു താല്‍ക്കാലികമായി അധ്യാപകരുടെ ഹോസ്റ്റലില്‍ പ്രവേശനം നല്‍കിയിരുന്നു. ഒന്നാം നിലയിലെ ഇവര്‍ക്ക് അനുവദിച്ച 13,14,15 നമ്പര്‍ മുറികളില്‍ 14-ാം നമ്പര്‍ മുറിയില്‍നിന്നാണു പോലീസ് ആയുധങ്ങള്‍ കണ്ടെടുത്തത്.