കൊച്ചി: മഹാരാജാസ് കോളജ് ഹോസ്റ്റലില്‍നിന്നും മാരകായുധങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ തുമ്പൊന്നും ലഭിക്കാതെ പോലീസ്. ആയുധങ്ങള്‍ കണ്ടെടുത്തിട്ട് മാസം ഒന്നു കഴിഞ്ഞിട്ടും ഇതു ഹോസ്റ്റലിൽ കൊണ്ടുവച്ചത് ആരാണെന്നതു സംബന്ധിച്ച യാതൊരു സൂചനകളും ലഭിക്കാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് സൂചന.
ഹോസ്റ്റലില്‍ താമസിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും ചോദ്യം ചെയ്തെങ്കിലും കേസുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നു കണ്ടെത്താനോ ഏതെങ്കിലും തരത്തിലുള്ള സൂചനകളോ ലഭിച്ചില്ലെന്നും സെന്‍ട്രല്‍ സിഐ അനന്തലാല്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം ആദ്യമാണു കോളജ് കാമ്പസിനോട് ചേര്‍ന്നുള്ള അധ്യാപകരുടെ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്കു താത്ക്കാലികമായി അനുവദിച്ച മുറികളില്‍ ഒന്നില്‍നിന്നും പോലീസ് മാരാകായുധങ്ങള്‍ പിടിച്ചെടുത്തത്. വാക്കത്തികളും ഇരുമ്പ് ദണ്ഡുകളുമാണു ഇവിടെനിന്നും കണ്ടെടുത്തത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മഹാരാജാസ് ഗ്രൗണ്ടിനടുത്തുള്ള എംസിആര്‍വി ഹോസ്റ്റലില്‍നിന്നും താല്‍ക്കാലികമായി കുട്ടികളെ ഒഴിപ്പിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് അധ്യാപകരുടെ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്കു താമസിക്കാന്‍ അനുവാദം നല്‍കിയത്. ഒന്നാം നിലയിലെ 13, 14, 15 നമ്പര്‍ മുറികളാണു കുട്ടികള്‍ക്ക് അനുവദിച്ചിരുന്നത്. ഇതില്‍ 14 -ാം നമ്പര്‍ മുറിയില്നിന്നുമാണു പോലീസ് ആയുധങ്ങള്‍ കണ്ടെടുത്തത്.
സംഭവത്തില്‍ വിവിധ കോണുകളില്‍നിന്നു പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഹോസ്റ്റലില്‍നിന്നു പിടിച്ചെടുത്തതു മാരകായുധങ്ങളല്ലെന്നും വാര്‍ക്ക പണികള്‍ക്ക് ഉപയോഗിക്കുന്ന ആയുധങ്ങളാണെന്നുമാണു മുഖ്യമന്ത്രി പിണറായി വിജയന് നിയസഭയില്‍ വ്യക്തമാക്കിയിരുന്നത്. അതേസമയം, പോലീസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ പിടിച്ചെടുത്തവയില്‍ മാരകായുധവും ഉണ്ടെന്നായിരുന്നു വ്യക്തമാക്കിയത്.
ല