കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഏഴു ദിവസത്തിനകം പ്രിന്‍സിപ്പാലിന് സമര്‍പ്പിക്കും.
അന്വേഷണത്തിനായി മൂന്നംഗ കമ്മീഷനെയാണ് കോളജ് നിയോഗിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും സസ്പെന്‍ഷനിലുള്ള ആറു വിദ്യാര്ഥികള്ക്കെതിരേ തുടര്‍നടപടി സ്വീകരിക്കുന്നത്.
അതേസമയം അപമാനിക്കപ്പെട്ട അധ്യാപകനായ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സി.യു. പ്രിയേഷില്നിന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്നലെ മൊഴിയെടുത്തിരുന്നു.
കോളജില്‍നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. എന്നാല്‍ സംഭവത്തില്‍ തനിക്ക് പരാതിയില്ലെന്ന് അധ്യാപകന് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് കേസെടുക്കില്ല.
ഡോ.പ്രിയേഷ് ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ അനുവാദമില്ലാതെ പ്രവേശിച്ച് അധ്യാപകന് പിറകിലായി നില്‍ക്കുകയും അദ്ദേഹത്തെ കളിയാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തത് കഴിഞ്ഞ ദിവസമാണ്.
ചില വിദ്യാര്‍ഥികള്‍ ക്ലാസ് ശ്രദ്ധിക്കാതെ അലക്ഷ്യമായി ഇരുന്ന് മൊബൈല്‍ ഉപയോഗിച്ചു. ഇതെല്ലാം മറ്റൊരു വിദ്യാര്‍ഥി ചിത്രീകരിച്ചു. പിന്നീട് ഈ ദൃശ്യം ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
സംഭവമറിഞ്ഞയുടന്‍ ഉടന്‍ പ്രിയേഷ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് കൗണ്‍സിലിലും പരാതി സമര്‍പ്പിച്ചു.
തുടര്‍ന്ന് കോളജിലെ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് സി.എ.മുഹമ്മദ് ഫാസില്‍, വി.രാഗേഷ്, എന്‍.ആര്. പ്രിയത, എം. ആദിത്യ, നന്ദന സാഗര്‍, ഫാത്തിമ നഫ്ലം എന്നിവരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.