കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ഥികളും ഓണാവധിക്കുശേഷം അധ്യാപകനോട് പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കോളജ് കൗൺസിൽ.
രക്ഷിതാക്കളുടെയും കൗണ്‍സില്‍ അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് വിദ്യാര്‍ഥികള്‍ അധ്യാപകനായ ഡോ. സി.യു. പ്രിയേഷിനോട് മാപ്പു പറയേണ്ടത്. ഇത് ഓണാവധിക്കുശേഷമായിരിക്കും.
അതേസമയം, വിദ്യാര്ഥികള്ക്കെതിരേ കൂടുതല്‍ നടപടികള്‍ വേണ്ടെന്നും കൗണ്‍സിലില്‍ ധാരണയുണ്ട്. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് തീരുമാനമെന്ന് കൗണ്‍സില്‍ വ്യക്തമാക്കുന്നു.
ക്ലാസ് മുറിയിലെ സംഭവങ്ങള്‍ ചിത്രീകരിക്കുകയും ഇതു സമൂഹമാധ്യമങ്ങളില്‍ ഇടുകയും ചെയ്ത രണ്ടു വിദ്യാര്‍ഥികളില്‍നിന്ന് ഇത്തരം സമീപനം വീണ്ടുമുണ്ടായാല്‍ അവരെ പുറത്താക്കാനാണ് കൗണ്‍സില്‍ തീരുമാനം.
കൗണ്‍സില്‍ അംഗം ഡോ.ടി.വി. സുജയുടെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേണ കമ്മീഷന് വിദ്യാര്‍ഥികളുടെ ഭാഗത്ത് തെറ്റുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
കെഎസ്യു യൂണിറ്റ് പ്രസിഡന്റ് എ. മുഹമ്മദ് ഫാസില്‍ ഉള്‍പ്പെടെ ആറു വിദ്യാര്‍ഥികളുടെയും സസ്പെന്ഷന് കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു.
പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസി. പ്രഫസര്‍ ഡോ. പ്രിയേഷ് ക്ലാസെടുക്കുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ അച്ചടക്കമില്ലാതെ പെരുമാറി അദേഹത്തെ അപമാനിച്ചത്.