കൊച്ചി: വിദ്യാര്ഥിസംഘടനങ്ങള് തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ച മഹാരാജാസ് കോളജ് എത്രയും പെട്ടെന്ന് തുറക്കാന്‍ അധ്യാപക- രക്ഷാകർതൃ സംഘടന ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനം. ഇതിനുമുന്നോടിയായി ചൊവ്വ രാവിലെ 11ന് വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ യോഗം ചേരാൻ തീരുമാനിച്ചു.
കോളജിന്റെ പ്രൗഢിയും പ്രതാപവും വീണ്ടെടുക്കുന്ന നടപടിയുടെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈകുന്നേരം ആറിനുശേഷം കാമ്പസില്‍ പ്രവേശിക്കാന്‍ പ്രിന്‍സിപ്പലിന്റെ പ്രത്യേക അനുമതി വാങ്ങണം. വിദ്യാര്‍ഥികള്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കും. പിടിഎ യോഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നടത്തും. വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ശക്തമാക്കും. സുരക്ഷ ശക്തിപ്പെടുത്താനായി അഞ്ച് സെക്യൂരിറ്റി ഗാര്‍ഡുകളെ നിയോഗിക്കാനും യോഗത്തിൽ തീരുമാനമായി.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനെ തുടർന്ന് വിദ്യാര്‍ത്ഥി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടത്. ബുധനാഴ്ച രാത്രി നാടക പരിശീലനത്തിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് അബ്ദുള്‍ നാസറിനെ ഫ്രറ്റേണിറ്റി, കെഎസ്യു പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചത്.