കോപ്പിയടി പിടിച്ചപ്പോള്‍ അധ്യാപകനെ അടിച്ചു! പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ കോളറില്‍ പിടിച്ച് തള്ളി; കോളജ് കെട്ടിടത്തില്‍ നിന്ന് താഴേയ്ക്ക് ചാടാന്‍ ശ്രമവും; വിദ്യാര്‍ഥിയ്‌ക്കെതിരെ കേസ്

പരീക്ഷയില്‍ ക്രമക്കേട് കാട്ടിയതിനു പിടിയിലായ വിദ്യാര്‍ഥി അധ്യാപകനെ അടിച്ചു. ഔറംഗബാദിലെ കബ്ര സമാജ്കാര്യ മഹാവിദ്യാലയത്തില്‍ മഹാരാഷ്ട്ര സര്‍വകലാശാലയുടെ എംപി എഡ് പരീക്ഷ എഴുതിയ വിദ്യാര്‍ഥിയാണ് ക്രമക്കേടുകാട്ടി ചൊവ്വാഴ്ച പിടിയിലായത്.

ക്രമക്കേട് കാട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടിനെ തുടര്‍ന്ന് രണ്ടുതവണ അധ്യാപകന്‍ വിദ്യാര്‍ഥിക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതു കേള്‍ക്കാതെ വിദ്യാര്‍ഥി കോപ്പിയടിയുമായി മുന്നോട്ടുപോയി. ഇതേതുടര്‍ന്ന് അധ്യാപകന്‍ വിദ്യാര്‍ഥിയോടു പരീക്ഷാ ഹാളില്‍നിന്നു പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ അധ്യാപകന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുതള്ളി. ഇതിനുശേഷം കോളജ് കെട്ടിടത്തിന്റെ മൂന്നാം നിലയിലെത്തി താഴേയ്ക്കു ചാടുമെന്നു ഭീഷണി മുഴക്കി.

ഇതേതുടര്‍ന്ന് പരീക്ഷ തടസപ്പെട്ടു. സാഹചര്യം വഷളായതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വിദ്യാര്‍ഥിയെ പിടികൂടി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. പരീക്ഷയില്‍ ക്രമക്കേട് നടത്തിയതിനും ആത്മഹത്യാ ശ്രമം നടത്തിയതിനും വിദ്യാര്‍ഥിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥി ക്രമക്കേട് പിടികൂടിയ അധ്യാപകനെ അടിച്ചതായും മറ്റ് അധ്യാപകര്‍ പറഞ്ഞു.

 

Related posts